അഭിമാനമായി മലയാളി നേഴ്സ്

ലോകം ഒന്നടങ്കം കോവിഡ് എന്ന മഹാമാരിക്ക് മുമ്പിൽ പകച്ച് നിന്നപ്പോൾ സാന്ത്വനത്തിന്റെയുo, കരുതലിന്റെയും ചിറക് താഴ്ത്തി നമ്മെ വാരി പുണർന്നവരാണ് മാലാഖമാർ എന്ന് ഓമനപേര് നൽകി നമ്മൾ വാനോളം പുകഴ്ത്തുന്ന നഴ്സ്മാർ. ശരിക്കും മനുഷ്യരൂപമേന്തിയ മാലഖ മാർ തന്നെയാണ് നഴ്സുമാർ എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് അയർലാൻഡിലെ സേഞ്ചൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മലയാളി സ്റ്റാഫ് നഴ്സ് ആയ റിൻസി ബാബു.

Advertisement

കഴിഞ്ഞ ദിവസം ഏഴരയ്ക്കുള്ള തന്റെ ഡ്യൂട്ടിക്ക് പതിവ് പോലെ ഹ്യോസ്റ്റ് സ്റ്റേഷനിൽ ഇറങ്ങി ലുവാസ് ലൈനിനു സമീപത്തുകൂടി നടന്നു നീങ്ങുകയായിരുന്ന റിൻസിയുടെ കുറച്ച് മുമ്പിലായി തന്റെ വളർത്തുനായയുമായി നടന്നു പോവുകയായിരുന്ന മധ്യവയസ്ക്കനായ ഐറിഷ്കാരൻ പെട്ടന്ന് മുൻപോട്ട് ആഞ്ഞു വീഴുകയായിരുന്നു. നിലത്തെ ചെളിയിൽ മുഖം പൊത്തിയാണ് അയാൾ വീണത് , തന്റെ മുമ്പിൽ വീണ അയാളെ രക്ഷിക്കാൻ ഒരുങ്ങിയ റിൻസിക്ക് അയാളുടെ വളർത്തു നായ വിലങ്ങുതടിയായെങ്കിലും അതൊന്നും വകവെക്കാതെ രക്ഷിക്കാൻ ശ്രമിച്ച റിൻസിക്ക് തന്റെ ഉദരത്തിൽ വളരുന്ന പന്ത്രണ്ട് ആഴ്ച്ചയുള്ള കുഞ്ഞിന്റെ കാര്യം ഓർമ്മ വന്നത്. തുടർന്ന് ആരെങ്കിലും സഹായത്തിന് വിളിക്കാമെന്ന് കരുതിയെങ്കിലും ലോക് ഡൗൺ കാരണം ആരെയും കണ്ടില്ല.

നിർണായകമായ അര മിനിറ്റ് കടന്നു പോയതിന്റെ നിരാശയിൽ റോഡരികിൽ നിൽക്കുമ്പോഴാണ് ചീറി പാഞ്ഞു വരുന്ന ആംബുലൻസ് റിൻസിയുടെ ശ്രദ്ധയിൽ പെടുന്നത് . ദൂരെ നിന്ന് അടുത്തുള്ള സെൻ പാട്രിക്സ് മെന്റൽ  ഹോസ്പിറ്റലിലേക്ക് രോഗിയെ എടുക്കാൻ വരുന്ന ആoബുലൻസിനെ കൈ കാണിച്ച് നിർത്തി, ശേഷം ഡ്രൈവറുടെ സഹായത്തോടെ രോഗിയുടെ പൾസ് നോക്കി ജീവനില്ലെന്ന് തോന്നി. പിന്നീട് ഡ്രൈവറുടെ സഹായത്തോട് കൂടി തന്നെ സി പി ആർ നൽകി. ഏറെ നേരത്തെ ശ്രമം നിരാശയിൽ വിരാമം കുറിക്കുകയായിരുന്നു. അവസാനത്തെ ശ്രമം എന്നോളം ആംബുലൻസിലുണ്ടായിരുന്ന എ ഐ ഡി മെഷീൻ കൊണ്ട് ഷോക്ക് കൊടുത്തതും അയാളിൽ ജീവൻ തുടിക്കുകയായിരുന്നു.