പ്രചരിപ്പിച്ചത് വ്യാജവാർത്ത മെയ് നാലിന് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: മെയ് 4 മുതൽ മദ്യശാലകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്ന വാർത്ത മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്നും കോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ട മദ്യശാലകൾ ഇപ്പോൾ തുറന്നു പ്രവർത്തക്കുകയില്ലെന്നു എക്സൈസ്‌ മന്ത്രി ടി.പി രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ മാധ്യമങ്ങളെ അറിയിച്ചു.

Advertisement

ബീവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ സ്വീകരിക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ചു ബെവ്‌കോ എംഡി മാനേജർമാരെ അറിയിച്ചിരുന്നു. ഇത്തരം നടപടികളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഉത്തരവിൽ പറഞ്ഞിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടച്ചിട്ട മദ്യശാലകൾ തുറക്കുന്ന രീതിയിലുള്ള അന്തിമതീരുമാനം വന്നുകഴിഞ്ഞാൽ അത്തരം സ്ഥാപനങ്ങൾ പാലിക്കേണ്ട പത്ത് നിർദ്ദേശങ്ങൾ ഈ ഉത്തരവിൽ പുറപ്പെടുവിച്ചിട്ടുണ്ട്. കടകൾ വൃത്തിയാക്കുന്നതോടൊപ്പം അണുവിമുക്തമാക്കിയതിനുശേഷമേ തുറന്നു പ്രവർത്തിക്കാവൂ. സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയ സൗകര്യങ്ങൾ കടകളിൽ ഉണ്ടായിരിക്കണമെന്നും, ജീവനക്കാർ തമ്മിലും, വ്യക്തികൾ തമ്മിലും സുരക്ഷിത അകലം പാലിക്കണമെന്നും ഈ സർക്കുലറിൽ പറയുന്നു.ബാർ ഹോട്ടലുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാണ്.
സർക്കാർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന നിർദ്ദേശമനുസരിച്ച് മെയ് മൂന്നിന് ലോക്ക്ഡൗൺ തീരുന്നതോടെ നാലാം തീയതി മുതൽ മദ്യശാലകൾ വീണ്ടും തുറക്കുമെന്ന വാർത്തയായിരുന്നു മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചിരുന്നത്.