ജോലി രാജി വെച്ച് മുഴുവൻ സമയം യാത്ര ചെയ്യുന്ന സജ്‌ന അലി

ജോലി എല്ലാം ഉപേക്ഷിച്ചു മുഴുവൻ സമയം യാത്ര ചെയ്താലോ.ഇങ്ങനെ ചിന്തിക്കാത്തവർ വിരളം ആണ്.യാത്ര എല്ലാവരും ഇഷ്ടപ്പെടുന്നു.ജീവിതസാഹചര്യങ്ങളും പ്രാരാബ്ധങ്ങളും ഒക്കെ ആകുമ്പോൾ പലരും യാത്ര മറക്കുന്നു.ജോലി ഒക്കെ ഉപേക്ഷിച്ചു മുഴുവൻ സമയം യാത്ര ചെയ്യണം എന്ന ആഗ്രഹം ഇപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് സജന അലിയെ പരിചയപ്പെടാം.സജന അലി ഫേസ്ബുക്കിൽ പങ്കുവെച്ച തന്റെ ജീവിത അനുഭവം താഴെ നൽകുന്നു.

Advertisement

ഞാനും നിങ്ങളെ പോലെ ജോലി വിട്ടു മുഴുവൻ സമയം യാത്ര ചെയ്താലോ എന്ന് ആലോചിക്കുവാ !

സംഭവം സൂപ്പറാണ്

😀

ജോലി വിട്ടു 7 മാസം ആവുന്ന ഈ സമയത്തു ഇത് പോലുള്ള മെസ്സേജുകൾ കുറച്ചു ഇൻബോക്സ് വാതിലിൽ മുട്ടി വിളിച്ചിട്ടുണ്ട്. പക്ഷെ കനം തൂങ്ങുന്ന ബാങ്ക് ബാലൻസും കാരണവന്മാർ ഉണ്ടാക്കി വെച്ചതോ ആയ ഒന്നും ഇല്ലാതെ ആണ് മാസങ്ങളായുള്ള ഒരു തീരുമാനം ഞാൻ എടുത്തത്. സ്വന്തമായി നടത്തുന്ന അപ്പൂപ്പൻതാടി എന്ന ഗ്രുപ്പിലെ യാത്രയുടെ മാർജിൻ അല്ലാതെ വേറെ വരുമാനങ്ങൾ ഒന്നുമില്ല. പക്ഷെ , വീണ്ടും പറയുന്നു , അത് കണ്ടിട്ടല്ല ജോലി വിട്ടു ഇറങ്ങിയത്. ജോലി വിട്ടിറങ്ങാൻ തന്ന ഒരു ആത്മവിശ്വാസം ഉണ്ട്. അതിനു ഒരു കഥയും ഉണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീറിയങ് അത്ര മോശം പണിയൊന്നുമല്ല. ഇടക്കൊക്കെ രാത്രി വൈകുവോളം ഓഫീസിലെ പണിയും തീർത്തു ചില്ലു ജാലകത്തിനപ്പുറം മഴ കാണുമ്പോ ഓടി പുറത്തു പോയി അത് കാണുന്നതും ഒക്കെ നല്ല രസമായിരുന്നു. അതും യാത്രയും ഒരുമിച്ചു കൊണ്ട് പോവാനും കഴിയുമായിരുന്നു. പക്ഷെ എന്നും രാവിലെ വന്നു കൊണ്ടിരുന്ന ഒരു മെയിൽ ആയിരുന്നു വില്ലൻ, ഒരു ദിവസം അതിനു മറുപടി ആയി രാജി കത്ത് വലിച്ചെറിഞ്ഞു എന്ന് വേണമെങ്കിൽ പറയാം. റിലീസിംഗ് തീയതി കിട്ടാതെ വീണ്ടും 2 മാസം എൻജിനിയർ പണി തുടർന്നു. Exit Interview ഇല്ലാതെ ആണ് ഇറങ്ങിയേ എന്നൊക്കെ ആലോചിക്കുമ്പോൾ ഇപ്പഴും ചിരി വരും.

sajna ali

11 വർഷത്തോളം നീണ്ട IT ജീവിതത്തിനു ജൂലൈ 12 നു വിരാമമിട്ടു. പക്ഷെ ഇതിനിടയിൽ ഒരു വർഷം തെണ്ടി തിരിഞ്ഞു നടന്ന ഒരു കഥയുണ്ട്. ശമ്പളം കിട്ടാത്ത ജോലി വിട്ടിറങ്ങിയ ശേഷം ഒരു ഇന്റർവ്യൂ കാൾ പോലും വരാതിരുന്ന കുറെ അധികം മാസങ്ങൾ. കോഴിക്കോട് കുന്നമംഗലത്തു ചിട്ടി കമ്പനിയിൽ കളക്ഷൻ എക്സിക്യൂട്ടീവ് തസ്തികയിൽ ജോലിക്കു ചേർന്ന്. പ്ലസ് ടു വരെ പഠിച്ചിട്ടുള്ളു എന്ന് ഒരു കള്ളം പറഞ്ഞു. ദിവസവും 100 TA ഇനത്തിൽ കിട്ടുന്നത് താമരശ്ശേരി 3 സ്റ്റോപ്പിൽ ബസ് കയറാതെ 5 കിമി വരെ നടന്നു ഉച്ച ഭക്ഷണവും വീട്ടിൽ നിന്ന് കൊണ്ട് പോയി കളക്ഷൻ എടുക്കുന്ന ഒരു ഹോസ്പിറ്റലിൽ നിന്ന് കഴിച്ചു 100 രൂപയിൽ മിച്ചം 55 രൂപ എങ്കിലും ഉണ്ടാക്കും. 2 മണിക്കുള്ളിൽ കളക്ഷൻ തീർത്തു ഓടി വരുന്നേ കാണുമ്പോ മാനേജറിന്റെ പുരികം ഒന്ന് ഉയരാതിരുന്നില്ല. വീട്ടിൽ വന്നു രാത്രി നേരം വൈകും വരെ ടാറ്റ എൻട്രി പണി ഉണ്ടാവും. മാസം 2000 ൽ കുറയാതെ ഒരു വരുമാനം അങ്ങനെയും കിട്ടും. അങ്ങനെ മാസം എല്ലാം കൂടെ 6000 തട്ടിം മുട്ടിയും കിട്ടും. ഇടയ്ക്കു ഇന്റർവ്യൂ നു പോവുന്നതും വീട്ടിലെ ചിലവും ഒക്കെ ഇതായിരുന്നു.

പിന്നീട് തിരുവനന്തപുരം ജോലി കിട്ടിയപ്പോൾ സോഫ്റ്റ്‌വെയർ എൻജിനിയർ ആണ് എന്ന് മാനേജരോട് പറഞ്ഞപ്പോൾ അവർക്കു പകുതി ദിവസം കൊണ്ട് കളക്ഷൻ തീർക്കുന്ന എക്സിക്യൂട്ടീവ് നെ വിടാൻ ഒരു ചെറിയ മടി ആയിരുന്നു. അത് വരെ പറഞ്ഞ കള്ളങ്ങളൊക്കെ തുറന്നു പറഞ്ഞു, സാഹചര്യം കൊണ്ടാണ് എന്ന് പറഞ്ഞു അവിടന്ന് പടി ഇറങ്ങി. എഞ്ചിനിയർക്കു എല്ലാ മാസവും അവസാന തിയ്യതി തെറ്റാതെ വരുന്ന സാലറി കാണുമ്പോൾ എന്റെ സാറേ…സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല…അപ്പ്രൈസൽ , ഹൈക്ക് എന്നൊക്കെ പറഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോൾ കിട്ടി കൊണ്ടിരുന്ന ശമ്പളത്തിൽ 3800 രൂപ കൂടി 33800 രൂപ ആയി. ഓരോ മാസവും 6000 ൽ ഞെങ്ങി ഞെരിഞ്ഞിരുന്ന എനിക്ക് അതൊക്കെ സ്വർഗം ആയിരുന്നു. അപ്പോഴും കൂടെ ജോലി ചെയ്യുന്നവർക്ക് 5000 ഹൈക്ക് പോരെന്നു പറയുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു. 1500 രൂപ ശമ്പളത്തിൽ തുടങ്ങിയ ജീവിതം 33800 രൂപയിൽ എത്തുമ്പോൾ വിയർപ്പിന്റെ സ്വാദ് കൂടും. എന്നെങ്കിലും ഈ പണി പോയാൽ എന്ത് പണിയും ചെയ്യാൻ കഴിയും എന്ന വിശ്വാസം ആണ് ജോലി കളഞ്ഞു ഇറങ്ങാൻ പ്രോചോദനം നൽകിയത്. വൈറ്റ് കോളർ ജോലി എന്നൊന്നും കണ്ടിട്ടില്ല. കഴിഞ്ഞ ജനുവരിയിൽ ഒരു രൂപ പോലും കയ്യിൽ ഇല്ലാതിരുന്നപ്പോൾ ദൈവമേ വരാൻ ശമ്പളം ഒന്നും ഇല്ലെന്നു ആലോചിച്ചിട്ടുണ്ട്. തെണ്ടി കുത്തുവാള എടുത്തു തന്നെ പറയാം. അന്നേരം ആശ്വാസം പകർന്നത് കൂടെ നിന്ന കൂട്ടുകാരാണ്. ദൈവത്തിന്റെ മുന്നിൽ മുട്ടു കുത്തി തോറ്റു തരില്ല എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്. ഏറ്റവും അടുത്ത ഒരു കൂട്ടുകാരനെ പോലെ എപ്പോഴൊക്കെയോ ആ സാമീപ്യം അറിഞ്ഞ നാളുകളിലൂടെയാണ് ആണ് അന്നും ഇന്നും കടന്നു പോയിക്കൊണ്ടിരിക്കുന്നത്… അത് പോലെ കഷ്ട്ടപെടുന്നവരെ തിരിച്ചറിയാൻ പറ്റുന്നതും ആ സാമീപ്യം കൊണ്ടാണ്. കട ബാധ്യത കൂടിയപ്പോൾ കുടുംബത്തോടെ കൂട്ട ആത്മഹത്യ ചെയ്തു തീരാൻ പോയ കുടുംബത്തിൽ നിന്ന് ആണ് വരുന്നത് എന്ന് പറയുമ്പോൾ ഇപ്പോൾ അഭിമാനമുണ്ട്. അത് കൊണ്ടൊക്കെ തന്നെ എന്റെ എല്ലാ പരീക്ഷണ-ജീവിതത്തിനും കൂടെ നിന്ന ഉമ്മയോടും ഉപ്പയോടും ഭയങ്കര പ്രേമമാണ്..

സജ്നയെ ജോലി കളഞ്ഞു യാത്ര ചെയ്യാനുള്ള ഒരു പ്രചോദനമായി ഒരിക്കലും കാണരുത്. എന്തും താങ്ങാൻ കഴിയുമെങ്കിൽ എടുത്ത തീരുമാനം ഒരിക്കലും തെറ്റാണെന്നു തോന്നില്ലെങ്കിൽ നിങ്ങൾക്കും ആവാം. ശമ്പളമില്ലാതെ ഒരുത്തനെ ആരും സഹായിക്കില്ല , ആത്മാർത്ഥ സുഹൃത്തുക്കൾ ഒഴികെ എന്നും കൂടെ ഓർക്കുക…ഇന്നലെ ഒരാൾ ചോദിച്ചു എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിയിട്ടുണ്ടോന്നു..അതറിഞ്ഞിട്ടു വേണം ആൾക്ക് ജോലി വിടുന്ന കാര്യം തീരുമാനിക്കാൻ എന്ന്

😀
സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ടായപ്പോഴെന്നും എടുത്ത തീരുമാനത്തെ പഴിച്ചിട്ടില്ല. എങ്ങനെ ഇത് ചാടി കടക്കാം എന്നെ ആലോചിച്ചിട്ടുള്ളു..എല്ലാ പ്രശ്നവും ജനിക്കുന്നത് അതിനുള്ള പരിഹാരവുമായിട്ടാണല്ലോ…
ഒരേ ഒരു പ്രാർത്ഥന മാത്രമേ ഉള്ളു…ആരോഗ്യം…അത് മതി

sajna ali