തമിഴ്നാട് പോലീസിന്റെ കൊറോണ വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്

തമിഴ്നാട് സർക്കിളിലെ തിരുപ്പൂരിലെ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരുടെ കൊറോണ കാലത്തെ വ്യത്യസ്തമായ ആശയമാണ് ഒരേസമയം തെറ്റിദ്ധരിപ്പിക്കപ്പെട്ടതും വൈറലായതും. കോവിഡ് -19നെ സംബന്ധിച്ച് നിരവധി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന ഈ ലോക്ഡൗൺ കാലത്ത് നല്ല ബോധവൽക്കരണവുമായി വന്ന വീഡിയോ ‘തിരുപ്പൂർ പോലീസിൻ്റെ ശിക്ഷ നടപടി’ എന്ന തലക്കെട്ടോടുകൂടിയാണ് ഈ വീഡിയോ തെറ്റായി പ്രചരിച്ചത്.

Advertisement

വീഡിയോയുടെ പിന്നിലെ സത്യം ഇതാണ്:

ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും പറയുന്ന ഈ സാഹചര്യത്തിൽ വൈറസിനെ അവഗണിച്ച് മാസ്ക് പോലും ധരിക്കാതെ റോഡിലൂടെ നടക്കുന്ന ഒരു പറ്റം യുവാക്കൾ. ഇത്തരത്തിൽപ്പെട്ട ഏതാനും യുവാക്കളെ തിരുപ്പൂർ ഭാഗത്ത് വെച്ച് പോലീസ് പിടികൂടുന്നു. തുടർന്ന് പോലീസിൻ്റെ അരികിൽ തന്നെ സ്ഥിതിചെയ്തിരുന്ന ആംബുലൻസിലേക്ക് നിർബന്ധിച്ച് യുവാക്കളെ തള്ളിക്കയറ്റുന്നു. ആംബുലൻസിലേക്ക് കയറാൻ വിസമ്മതിക്കുന്ന യുവാക്കളെ ബലംപ്രയോഗിച്ച് പോലീസ് ആംബുലൻസിലേക്ക് തള്ളിക്കയറ്റുന്ന ദൃശ്യങ്ങൾ വളരെ വ്യക്തമാണ്.ആംബുലൻസിനുള്ളിൽ കയറി യുവാക്കൾ കാണുന്നത് ‘പി പി ഈ’ കിറ്റ് ധരിച്ച ഒരു വ്യക്തിയെയാണ്. തങ്ങളെല്ലാവരും വൈറസിൻ്റെ വളരെ അടുത്താണെന്ന് മനസ്സിലാക്കിയ മൂവരും ആംബുലൻസിനു വെളിയിലേക്ക് ചാടാൻ ശ്രമിക്കുന്നു. തുടർന്ന് വൈറസിൻ്റെ അടുത്തുനിന്നും രക്ഷപ്പെടാൻ ആവാതെയുള്ള ഭയവും നമുക്ക് വീഡിയോയിൽ വ്യക്തമായി കാണാം.

വീഡിയോ സംബന്ധിച്ച് തിരുപ്പൂർ പോലീസ് പറയുന്നത് ഇപ്രകാരമാണ്: “പുറത്ത് ചുറ്റി നടക്കുമ്പോൾ എവിടെയാണ് കൊറോണ വൈറസുള്ളത് എന്ന് നമുക്ക് അറിയാൻ സാധിക്കില്ല. എവിടെയായിരുന്നാലും, കൊറോണ എവിടെയുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് .അതിനാലാണ് ഗവൺമെൻ്റ് ജനങ്ങളോട് വീട്ടിൽതന്നെ സുരക്ഷിതരായിരിക്കാൻ ” സ്റ്റേ ഹോം” എന്ന് ആഹ്വാനം ചെയ്യുന്നത്”.

വൈറസ് തൊട്ടടുത്ത് ഉണ്ടെന്നറിഞ്ഞിട്ടും വകതിരിവ് കാണിക്കാതെയിരിക്കുന്നവർക്ക് മുന്നിൽ തമിഴ്നാട് തിരിപ്പൂർ പോലീസിൻ്റെ കൊറോണ കാലത്തെ നല്ല മാതൃകയായ ഒരു വീഡിയോയാണിത്.