കപ്പലും വിമാനവും പുറപ്പെട്ടു; പ്രവാസികൾ ഇനി നാട്ടിലേക്ക്

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ തിരികെ കൊണ്ടുവരുന്നതിനായി പ്രഖ്യാപിച്ച വിമാനങ്ങൾ ഇന്ത്യയിൽനിന്ന് പുറപ്പെട്ടു .യുഎഇ യിലേക്കുള്ള ഈ വിമാനങ്ങളിൽ ആദ്യത്തേത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും രണ്ടാമത്തേത് കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാണ്.

Advertisement

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നെടുമ്പാശ്ശേരിയിൽനിന്നും ആദ്യവിമാനം അബുദാബിയിലേക്ക് ടേക്ക് ഓഫ് ചെയ്തത്. രാത്രി 9.40ന് ഈ വിമാനം 177 പേരുമായി ഇന്ത്യയിൽ തിരിച്ചെത്തും. ഒരു മണിക്കൂർ വൈകിയതിനു ശേഷം ഉച്ചയ്ക്ക് 1.40നായിരുന്നു രണ്ടാമത്തെ വിമാനം കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ടത്. രാത്രി 11 മണിയോടുകൂടി ഈ വിമാനവും തിരികെ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ.

അതോടൊപ്പം പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് നാവികസേനയുടെ ഐഎൻഎസ് ജലാശ്വ എന്ന കപ്പൽ മാലിദ്വീപിൽ എത്തിയിട്ടുണ്ട്. കപ്പൽ തിരികെ കൊച്ചിയിലെത്തുന്നത് വെള്ളിയാഴ്ച ആയിരിക്കും എന്നാണ് ഇതുവരെ ലഭിച്ചിരിക്കുന്ന വിവരം.കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ തിരികെ നാട്ടിൽ എത്തുന്ന എല്ലാ പ്രവാസികളെയും അതീവ ജാഗ്രതയോടെയും നിരീക്ഷണത്തോടെയും കൂടെ സ്വീകരിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും, സർക്കാരും വിവിധ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ വച്ചുതന്നെ ഇവരെ പരിശോധിച്ചതിനുശേഷം സ്വന്തം ജില്ലകളിൽ ക്വാറന്റൈൻ ചെയ്യുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.