കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയത് വ്യക്തമായ പ്ലാനുകളോടെ

കൊട്ടിയം മുഖത്തല സ്വദേശിയായ സുചിത്രയെ സുഹൃത്തും സംഗീത അധ്യാപകനുമായ പ്രശാന്ത് കൊലപ്പെടുത്തിയത് വ്യക്തമായ പദ്ധതിയോടെയായിരുന്നു .കൊലചെയ്യാനുള്ള കാരണമായി പ്രശാന്ത് പറയുന്നത് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള തർക്കം മാത്രമാണ് .പക്ഷേ പ്രശാന്തിൻ്റെ മൊഴി അന്വേഷണസംഘം പൂർണമായും വിശ്വസിക്കുന്നില്ല.

Advertisement

പ്രശാന്തിനെ കൊല്ലപ്പെട്ട സുചിത്ര പരിചയപ്പെടുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. സംഗീത അധ്യാപകനായ പ്രശാന്തുമായി സുചിത്ര അടുപ്പത്തിലായിരുന്നു. ഭർത്തൃമാതാവിന് സുഖമില്ല എന്ന കാരണം പറഞ്ഞാണ് ബ്യൂട്ടീഷനായ സുചിത്ര സ്ഥാപനത്തിൽനിന്ന് മാർച്ച് പതിനെട്ടാം തീയതി ലീവ് എടുത്തത്. പ്രശാന്തുമായി അടുപ്പത്തിലായതിനാൽ അയാളുടെ രാമനാഥപുരത്തെ വീട്ടിലേക്കാണ് കൊല്ലത്തുനിന്ന് സുചിത്ര തിരിച്ചത്. സുചിത്രയുടെ മറ്റൊരു ആൺ സുഹൃത്തുമായുള്ള ആശയവിനിമയം പ്രശാന്ത് ചോദ്യം ചെയ്തത് ഇവരുടെ ഇടയിൽ സ്പർദ്ദ ഉണ്ടാക്കി. തുടർന്നുള്ള പകയാണ് ക്രൂരമായ ഈ കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം .

എന്നാൽ സുചിത്രയെ കൊലപ്പെടുത്താനും അത് ഒളിപ്പിക്കാനും മൂന്ന് പദ്ധതികൾ പ്രശാന്ത് തയ്യാറാക്കിയിരുന്നു.
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം സുചിത്രയെ ആദ്യം പെട്രോളൊഴിച്ച് കത്തിക്കാനായിരുന്നു പ്രതി ശ്രമിച്ചത് .അത് പരാജയപ്പെട്ടപ്പോളാണ് പ്രതി മൃതദേഹത്തെ കഷ്ണങ്ങളാക്കി മാറ്റാൻ ശ്രമിച്ചത് . സുചിത്രയുടെ കാല്പാദം മുറിച്ചുമാറ്റിയെങ്കിലും ചോര പടർന്നതോടെ അതും ഉപേക്ഷിച്ചു. ഏറ്റവും ഒടുവിലാണ് പാലക്കാട്ടെ രാമനാഥപുരത്തെ വാടകവീടിൻ്റെ മതിലിനോട് ചേർന്നുള്ള ചതുപ്പ് നിലത്തിൽ കുഴിച്ചിട്ടത്. ഇതെല്ലാം ചെയ്തത് പ്രതി ഒറ്റയ്ക്കാണ് എന്നാണ് പറയുന്നത്. അതിനെയും സംശയത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൃത്യമായ നിരീക്ഷണത്തിലേക്ക് അന്വേഷണസംഘം എത്തുകയുള്ളൂ എന്നും കൂട്ടിച്ചേർത്തു.