അഞ്ചു കിലോ അരി സൗജന്യമായി ഡിസംബർ വരെ

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുൻഗണനേതര കാർഡുകാർക്ക് ഡിസംബർവരെ സൗജന്യമായി 5  കിലോ വീതം അരി നൽകും. സെപ്റ്റംബറിലും ഒക്ടോബറിലും സൗജന്യമായി അരി നൽകാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ, പ്രളയത്തെത്തുടർന്ന് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് തുടർന്നും സഹായം ഉറപ്പുവരുത്താനാണ് ഡിസംബർവരെ നീട്ടുന്നതത്. സംസ്ഥാനത്തിന് അധികമായി ലഭിച്ച അരിവിഹിതത്തിൽനിന്നാണ് സൗജന്യ അരി നൽകുക. മുൻഗണനാ കാർഡുകാർക്ക‌് നിലവിൽ സൗജന്യ അരിയും ധാന്യങ്ങളും ലഭിക്കുന്നുണ്ട്.

Advertisement

പ്രളയബാധിത മേഖലയിലെ ദുർബലവിഭാഗങ്ങൾക്കും സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്കും 500 രൂപ വിലവരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റും നൽകുന്നുണ്ട്. അരിയും പലവ്യഞ‌്ജനങ്ങളും ഉൾപ്പെടെ ആറ്  ഇനങ്ങളടങ്ങിയ കിറ്റുകൾ സപ്ലൈകോ തയ്യാറാക്കി. ക‌ലക്ടർമാരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ്  നൽകുന്ന കണക്കനുസരിച്ചാണ‌് കിറ്റുകൾ വിതരണം ചെയ്യുക. റേഷൻ മുൻഗണനാ പട്ടികയിലുള്ളവർ, തൊഴിലുറപ്പ‌് തൊഴിലാളികൾ, പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർ, അഗതികൾ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക‌് കിറ്റ‌് നൽകും.

പ്രളയത്തെത്തുടർന്ന‌് സൗജന്യ ധാന്യം അനുവദിക്കണമെന്ന‌് സംസ്ഥാനം കേന്ദ്രസർക്കാരിനോട‌് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം 89,540 ടൺ അരി അനുവദിച്ചെങ്കിലും കിലോഗ്രാമിന‌് 25 രൂപ വീതം പിന്നീട‌് ഈടാക്കുമെന്ന‌് അറിയിച്ചു. അരി ഏറ്റെടുത്തില്ലെങ്കിൽ വിഹിതം നഷ്ടമാകുമെന്നതിനാൽ സംസ്ഥാനം അരി ഏറ്റെടുത്തു. ഇതാണ‌് സൗജന്യമായി നൽകുന്നത‌്.