സാനിറ്ററി പാഡ് ധരിച്ച ആദ്യ പുരുഷന്‍! ഗ്രാമീണ സ്ത്രീകളുടെ ദൈവമായി മാറിയ മനുഷ്യന്‍! അരുണാചലം മുരുകാനന്ദിന്റെ അവിശ്വസനീയ വിജയകഥ

അസാധാരണമായ ഒരു ജീവിത സമര്‍പ്പണത്തിന്റെ കഥയാണ് പുതുതായി പുറത്തിറങ്ങുന്ന അക്ഷയ് കുമാര്‍ ചിത്രമായ പാഡ് മാന്‍ പറയുന്നത്. ഇങ്ങനൊരാള്‍ ജീവിച്ചിരുന്നു എന്ന് തന്നെ വിശ്വസിക്കാനാകാത്തത്ര സങ്കീര്‍ണ്ണതകളിലൂടെ തന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച ഒരു മനുഷ്യന്റെ കഥ. ടൈം മാഗസിനിന്റെ ലോകത്തെ മാറ്റിമറിച്ച നൂറ് വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ച ഗ്രാമീണന്‍. രാജ്യത്തെ സ്ത്രീകള്‍ക്കായി ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ച വ്യക്തിത്വം അതാണ് അരുണാചലം മുരുകാനന്ദം.

Advertisement

1998 ലായിരുന്നു അത്. കോയമ്പത്തൂരിനടുത്ത് പുതൂര്‍ സ്വദേശിയായ അരുണാചലം മുരുകാനന്ദം വീട്ടിലിരുന്ന് ടെലിവിഷന്‍ കാണുകയായിരുന്നു. തന്നെ കാണിക്കാന്‍ മടിയുള്ളതുപോലെ ഭാര്യ ശാന്തി എന്തോ എടുത്തുകൊണ്ടുപോകുന്നത് മുരുകാനന്ദം ശ്രദ്ധിച്ചു. എന്താണതെന്ന് തിരക്കി. ‘നിങ്ങള്‍ക്കിതില്‍ കാര്യമില്ല’ –ഭാര്യ ഈര്‍ഷ്യയോടെ പറഞ്ഞു.

സൂക്ഷിച്ചു നോക്കിയപ്പോള്‍ ഭാര്യയുടെ കൈയിലുള്ളത് പഴന്തുണിക്കഷണങ്ങളാണെന്ന് മനസിലായി. എന്തിനാണതെന്ന് അയാള്‍ക്കറിയാമായിരുന്നു. ഹോ, എന്ത് സുരക്ഷിതമല്ലാത്ത, ശുചിത്യമല്ലാത്ത ഏര്‍പ്പാട്, അയാള്‍ ഓര്‍ത്തു.

കേട്ടോ, സാനിറ്ററി നാപ്കിനുകള്‍ ഇപ്പോള്‍ വാങ്ങാന്‍ കിട്ടും’ – മുരുകാനന്ദം ഭാര്യയെ ബോധവത്ക്കരിക്കാന്‍ നോക്കി. ‘എനിക്കറിയാം, ഞാനും ടിവി കാണാറുണ്ട്. ഈ വീട്ടിലുള്ള സ്ത്രീകളെല്ലാം സാനിറ്ററി നാപ്കിനുപയോഗിക്കാന്‍ തുടങ്ങിയാല്‍, പാല് വാങ്ങാന്‍ പോലും ഇവിടെ പിന്നെ കാശുണ്ടാകില്ല’-അവര്‍ അതൃപ്തിയോടെ തിരിച്ചടിച്ചു. ഭാര്യയുടെ ആ മറുപടി തന്നെ നടുക്കിയെന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ മുരുകാനന്ദം പറഞ്ഞു.

മുരുകാനന്ദം എന്ന ആ വര്‍ക്ക്ഷോപ്പുടമയ്ക്ക് അന്നുണ്ടായ നടുക്കം അത്ര പെട്ടന്ന് ഒടുങ്ങിയില്ല. അത് ഇന്ത്യയിലെ ലക്ഷക്കണക്കായ ഗ്രാമീണസ്ത്രീകള്‍ക്ക് പഴന്തുണിയില്‍നിന്ന് മോചനം നല്‍കുന്നതിലേക്കാണ് നയിച്ചത്! ഗ്രാമീണസ്ത്രീകളുടെ ആരോഗ്യസംരക്ഷണരംഗത്ത് ഒരു നിശബ്ദവിപ്ലവം തന്നെ മുരുകാനന്ദത്തിന്റെ പ്രവര്‍ത്തനം വഴി അരങ്ങേറി.

സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനുള്ള യന്ത്രം വികസിപ്പിക്കുകയാണ് മുരുകാനന്ദം ചെയ്തത്. ആ മുന്നേറ്റത്തിന് തനിക്ക് പ്രേരണയായത്, പഴന്തുണിയില്‍ അഭയംതേടുന്ന ഭാര്യയുടെ നിസ്സഹായാവസ്ഥ ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

പരമ്പരാഗത രീതിയില്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാന്‍ വലിയ മുതല്‍മുടക്ക് വേണം. കുറഞ്ഞത് മൂന്നരകോടി രൂപയെങ്കിലും ഇറക്കിയാലേ അതിനുള്ള സൗകര്യം ഒരുക്കാനാകൂ. എന്നാല്‍, മുരുകാനന്ദവും അദ്ദേഹത്തിന്റെ കമ്പനിയായജയശ്രീ ഇന്‍ഡസ്ട്രീസുംരൂപപ്പെടുത്തിയ സാനിറ്ററി നാപ്കിന്‍ നിര്‍മാണ യന്ത്രത്തിന് വെറും 80000 രൂപയേ വിലയുള്ളൂ.

മുരുകാനന്ദത്തിന്റെ യന്ത്രം ഉപയോഗിച്ച് എട്ടുമണിക്കൂര്‍ ഷിഫ്ടില്‍ ആയിരം പാഡുകള്‍ നിര്‍മിക്കാം. നിര്‍മാണച്ചെലവ് ഓരോ പാഡിനും ഒന്നു മുതല്‍ ഒന്നര രൂപ വരെ. പാഡൊന്നിന് രണ്ടുരൂപയ്ക്ക് വിറ്റാലും മോശമല്ലാത്ത ലാഭം കിട്ടുമെന്ന് മുരുകാനന്ദം പറയുന്നു.

ഇപ്പോഴും ഇന്ത്യന്‍ ഗ്രാമങ്ങളിലെ 88 ശതമാനത്തോളം സ്ത്രീകള്‍ ആര്‍ത്തവസമയത്ത് ആശ്രയിക്കുന്നത് അഴുക്കുപുരണ്ട പഴന്തുണിയോ പഴയ പത്രക്കടലാസോ ഉണങ്ങിയ ഇലയോ ഒക്കെയാണ്. ചാരം പോലും ഉപയോഗിക്കപ്പെടുന്നതായി പഠനങ്ങളുണ്ട്! ഋതുമതിയായ ഗ്രാമീണ പെണ്‍കുട്ടികള്‍ക്ക് മാസത്തിലൊരിക്കലുള്ള തൊന്തരവിന്റെ ഫലമായി പഠനംപോലും ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ സാധാരണമാണ്.

ഇതൊരു ദുരവസ്ഥയാണ്. മറ്റ് പല രംഗത്തും മുന്നേറ്റമുണ്ടാകുമ്പോഴും അധികമാരും ശ്രദ്ധിക്കാതെ പോകുന്ന, അല്ലെങ്കില്‍ ശ്രദ്ധിക്കാന്‍ ആഗ്രഹിക്കാത്ത ഒരു പ്രധാന സംഗതി. പല കാരണങ്ങള്‍ ഈ ദുരവസ്ഥയ്ക്ക് പിന്നിലുണ്ട്. അറിവില്ലായ്മ തന്നെ അതില്‍ പ്രധാനം. മറ്റൊന്ന് സാനിറ്ററി നാപ്കിനുകളുടെ വിലക്കൂടുതല്‍.

അവിടെയാണ് മുരുകാനന്ദത്തിന്റെ മുന്നേറ്റം അര്‍ഥവത്താകുന്നത്. സാനിറ്ററി നാപ്കിനുകള്‍ കുറഞ്ഞ വിലയ്ക്ക് നിര്‍മിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. അതുവഴി യഥാര്‍ഥത്തില്‍ സ്ത്രീകളെസ്വതന്ത്രരാക്കുകയാണ് മുരുകാനന്ദം ചെയ്തത്. ‘നൂറു ശതമാനം നാപ്കിന്‍ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റുക, അതാണെന്റെ ദര്‍ശനം’ –മുരുകാനന്ദം പറയുന്നു.

ഇക്കാര്യത്തെക്കുറിച്ച് ഇന്ന് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ മുരുകാനന്ദത്തിന് കഴിയുന്നുവെന്നത് ശരി തന്നെ. അതിന് പിന്നില്‍ പക്ഷേ, അസാധാരണമായ ഒരു സമര്‍പ്പണത്തിന്റെ കഥയുണ്ട്. വീട്ടുകാരാലും നാട്ടുകാരാലും ഉപേക്ഷിക്കപ്പെട്ടിട്ടുപോലും, മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടു വലിക്കാതെ മുന്നേറിയ മുരുകാനന്ദത്തിന്റെ ഇച്ഛശക്തിയാണ്, ലോകത്തെ ഏറ്റവും വലിയ ടെക്നോളജി ഗുരുക്കള്‍ പ്രഭാഷണം നടത്താനെത്തുന്നടെഡ്’ (TED) വേദിയില്‍ പോലും അദ്ദേഹത്തെ എത്തിച്ചത്

മുരുകാനന്ദത്തിന്റെ പിതാവ് ചെറുപ്പത്തിലേ മരിച്ചു. രണ്ടു സഹോദരിമാരും അമ്മയുമുള്ള വീട് പോറ്റാന്‍ ആ ബാലന് സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്ക് പോകേണ്ടിവന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ചില ബിസിനസ് ആശയങ്ങള്‍ അവന്റെ മനസിലുദിച്ചു. ഫാക്ടറി തൊഴാലികള്‍ക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുക പോലുള്ള സംഗതികള്‍. പിന്നീട് ഒരു വെല്‍ഡിങ് വര്‍ക്ക്ഷോപ്പിലെ സഹായിയായി അവന്‍. വെല്‍ഡിങിന്റെ കാര്യങ്ങള്‍ പഠിച്ചു കഴിഞ്ഞ് സ്വന്തമായി ഒരു വെല്‍ഡിങ് വര്‍ക്ക്ഷോപ്പ് തുടങ്ങി.

1992 ല്‍ ഇരുപത്തഞ്ചാം വയസിലാണ് ശാന്തിയെ വിവാഹം കഴിച്ചത്. സാധാരണപോലെ ജീവിതം നീങ്ങി; വിവാഹം കഴിഞ്ഞ് ആറാമത്തെ വര്‍ഷം ഭാര്യ പഴന്തുണി പെറുക്കുന്നത് കണ്ട ദിവസം വരെ. ആ കാഴ്ചയും, ഭാര്യ നല്‍കിയ മറുപടിയുമേല്‍പ്പിച്ച നടുക്കവും മുരുകാനന്ദത്തെ നേരെ എത്തിച്ചത് അടുത്തുള്ള മെഡിക്കള്‍ഷോപ്പിലേക്കാണ്. സാനിറ്ററി നാപ്കിന്‍ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഒരു നാപ്കിന്‍ പാക്കറ്റെടുത്ത് കടക്കാരന്‍ മറ്റാരും കാണാതിരിക്കാന്‍ കടലാസില്‍ പൊതിഞ്ഞു നല്‍കി.

നെരെ വീട്ടിലെത്തി. ഒരു പാഡെടുത്ത് വലിച്ചുകീറി ഉള്ളടക്കം പരിശോധിച്ചു. ഒരുകഷണം പഞ്ഞി. ‘ആ പാഡിന് എത്ര നിര്‍മാണച്ചെലവ് വരുമെന്ന് ഒരു ഏകദേശ കണക്ക് ഞാന്‍ കൂട്ടിനോക്കി. പാഡൊന്നിന് കൂടിയാല്‍ 15 പൈസയേ ചെലവ് വരൂ’-മുരുകാനന്ദം പറയുന്നു. ‘ആളുകള്‍ കൊള്ളയടിക്കപ്പെടുകയാണ്’.

അടുത്തുള്ള മില്ലില്‍ പോയി കുറച്ച് പഞ്ഞി സംഘടിപ്പിച്ചു. ഗവേഷണം ആരംഭിച്ചു. ആദ്യം ചില പാഡുകള്‍ ഉണ്ടാക്കി നോക്കി. അതിലൊന്ന് ഭാര്യ ഉപയോഗിച്ചു. ‘ഇത്രയും മോശപ്പെട്ട ഒന്ന് ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല’, എന്നായിരുന്നു അവരുടെ മറുപടി.

നാപ്കിന്‍ ഗവേഷണം ആരംഭിച്ചപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടായി മാറിയത്, ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ സ്ത്രീകള്‍ തയ്യാറല്ല എന്നതായിരുന്നു. ഭാര്യ പോലും ഇക്കാര്യത്തില്‍ സഹകരിക്കാന്‍ വിസമ്മതിച്ചു. അങ്ങനെയാണ്, കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനകളുടെ സഹായം തേടാന്‍ തീരുമാനിച്ചത്.

മുരുകാനന്ദത്തിന്റെ വീട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് മെഡിക്കല്‍ കോളേജ്. പന്ത്രണ്ടോളം കുട്ടികള്‍ ഗവേഷണത്തില്‍ സഹകരിക്കാമെന്ന് വാക്കുകൊടുത്തു. പക്ഷേ, അതും പ്രയോജനം ചെയ്യില്ലെന്ന് അധികംവൈകാതെ ബോധ്യമായി. സ്ത്രീകളുടെ സഹകരണം തനിക്ക് ഇക്കാര്യത്തില്‍ ലഭിക്കില്ലെന്ന് അതോടെ ബോധ്യമായി. അങ്ങനെയാണ് ആര്‍ത്തവകാലത്തെ രക്തത്തിന്റെയും നനവിന്റെയും കാര്യം സ്വയം മനസിലാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്.

മുരുകാനന്ദത്തിന്റെ സഹപാഠികളില്‍ പലരും ഗ്രാമത്തില്‍ കോഴിക്കടകളും മട്ടന്‍ വില്‍പ്പനശാലകളും നടത്തുന്നുണ്ട്. ഫുഡ്ബോളിനകത്തെ ബ്ലാഡറില്‍ ആടിന്റെ ചോര നിറയ്ക്കാന്‍ ഒരു സുഹൃത്തിന്റെ സഹായം തേടി. അത് ശരീരത്തില്‍ അടിവസ്ത്രത്തിനകത്ത് കെട്ടിവെച്ചു. അതുംവെച്ച് സൈക്കിള്‍ ചവിട്ടുമ്പോഴും നടക്കുമ്പോഴും ചോര കുറെശ്ശെ കിനിയും!

നനവും ബുദ്ധിമുട്ടും എന്താണെന്ന് സ്വയംമനസിലാക്കാന്‍ ആ പരീക്ഷണം സഹായിച്ചു. 15 ദിവസത്തോളം അത് കൊണ്ടുനടന്നു! പക്ഷേ, അത്തരമൊരു സംഗതി താന്‍ ചെയ്യുന്നത് നാട്ടുകാര്‍ കണ്ടാല്‍ എന്താകും പ്രത്യാഘാതമെന്ന് ആലോചിച്ചില്ല.

ഗ്രാമത്തിലെ പൊതുകിണറായിരുന്നു തുണിയലക്കാനും മറ്റും ആശ്രയിച്ചിരുന്നത്. ചോരപറ്റിയ അടിവസ്ത്രങ്ങള്‍ മുരുകാനന്ദം കഴുകുന്നത് ചിലര്‍ കണ്ടു. ‘എനിക്ക് ലൈംഗീകരോഗമാണെന്ന് അവര്‍ കരുതിമുരുകാനന്ദം ഓര്‍ക്കുന്നു. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇതറിഞ്ഞ് രോക്ഷാകുലരായി. മുരുകാനന്ദത്തെ ഗ്രാമത്തില്‍നിന്ന് പുറത്താക്കാന്‍ അവര്‍ ആഗ്രഹിച്ചു. അവരോട് ഏറ്റുമുട്ടാതെ അയാള്‍ നിശബ്ദനായി ദിവസങ്ങള്‍ തള്ളിനീക്കി.

ഗവേഷണം തുടങ്ങിയിട്ട് ഏതാണ്ട് എട്ടുമാസമായിരുന്നു അപ്പോഴേക്കും. പരീക്ഷണം നിര്‍ത്താന്‍ ഭാര്യ ആവശ്യപ്പെട്ടു. കോളേജ് പെണ്‍കുട്ടികളുമായി മുരുകാനന്ദം സമ്പര്‍ക്കം പുലര്‍ത്തുന്നത് സംശയത്തോടെയാണ് അവര്‍ കണ്ടത്. ഒരു ദിവസം ഭാര്യ വീടുവിട്ട് അവരുടെ ഭവനത്തില്‍ പോയി, പിന്നെ തിരിച്ചു വന്നില്ല.

ഗവേഷണം തുടരാന്‍ ചോരപുരണ്ട നാപ്കിനുകള്‍ പരിശോധിക്കേണ്ടത് ആവശ്യമായിരുന്നു. എവിടുന്നു കിട്ടും. ആരോട് ഇത്തരമൊരു ആവശ്യം ഉന്നയിക്കും! ഭാര്യ കൂടെയില്ല. മെഡിക്കല്‍ കോളേജിലെ കുട്ടികളെ കണ്ടാലോ. പലരും മുഖം തിരിച്ചെങ്കിലും ആ പെണ്‍കുട്ടികളില്‍ ഒരാള്‍ മുരുകാനന്ദത്തിന്റെ ഗവേഷണങ്ങളില്‍ ശരിക്കും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആ കുട്ടിയെ സമീപിച്ച് കാര്യം ഗ്രഹിപ്പിച്ചു. 700 രൂപ മുടക്കി ഒരു ബാഗ് വാങ്ങി അവളെ ഏല്‍പ്പിച്ചു. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന നാപ്കിനുകള്‍ അതിലിട്ട് ബാഗ് ഹോസ്റ്റലില്‍ വെച്ചാല്‍ മതി താന്‍ എടുത്തുകൊള്ളാമെന്ന് പറഞ്ഞു. ഏതാണ്ട് 35 പെണ്‍കുട്ടികള്‍ ഉപയോഗിച്ച നാപ്കിന്‍ നല്‍കാന്‍ സമ്മതിച്ചു. അങ്ങനെ ആ പ്രശ്നം പരിഹരിച്ചു.

ബാഗുമായി വീട്ടിലെത്തി. ദുര്‍ഗന്ധമടിക്കാതിരിക്കാനായി തൂവാലകൊണ്ട് മൂക്ക് മറച്ചുകെട്ടി. വീട്ടിന് പിന്നിലെ സ്ഥലത്തുവെച്ച് നാപ്കിനുകള്‍ പരിശോധിക്കാന്‍ തുടങ്ങി. അതു കണ്ടുകൊണ്ടായിരുന്നു അമ്മയുടെ വരവ്. മകന് ശരിക്കും തലയ്ക്ക് സ്ഥിരമില്ലാതായി എന്ന് ആ സാധുസ്ത്രീ കരുതി. അവരും വീടുവിട്ട് മകളുടെ വീട്ടിലേക്ക് താമസം മാറ്റി. അങ്ങനെ നാപ്കിന്‍ ഗവേഷണം അയാളെ വീട്ടില്‍ ഒറ്റയ്ക്കാക്കി. അതുപക്ഷേ, നന്നായി. ആരുടെയും ശല്യമില്ലാതെ പഠനം തുടരാന്‍ അത് അവസരമൊരുക്കി. ഭക്ഷണം പാചകം ചെയ്യാന്‍ മുരുകാനന്ദത്തിന് അറിയുമായിരുന്നില്ല. സ്ത്രീകള്‍ വീട്ടിലില്ലാത്തതിനാല്‍ അടുത്ത മൂന്നുവര്‍ഷം റൊട്ടി തിന്നാണ് അയാള്‍ കഴിഞ്ഞത്.

ഗവേഷണം മുന്നോട്ട് പോകുന്തോറും ഒരുകാര്യം ബോധ്യമായി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത് ഒന്നുകില്‍ വ്യത്യസ്തമായ ഒരിനം പഞ്ഞിയാണ്; അല്ലെങ്കില്‍ വ്യത്യസ്തമായ പ്രക്രിയ വഴിയാണ് അവരത് ചെയ്യുന്നത്.

നാപ്കിന്‍ ഗവേഷണം ആരംഭിച്ചിട്ട് ഏതാണ്ട് രണ്ടരവര്‍ഷമായി. മാദ്രാസ് ഐഐടിയിലെ വിദഗ്ധരുമായും മറ്റും അതിനിടെ മുരുകാനന്ദം ബന്ധം സ്ഥാപിച്ചു. അതുവഴി ഒരു സുപ്രധാന സംഗതി മനസിലായി. ബഹുരാഷ്ട്ര കമ്പനികള്‍ നാപ്കിന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത് ഒരിനം അമേരിക്കന്‍ പൈന്‍ മരത്തിന്റെ തൊലിയാണ്. അതാണ് ഇതിലെ അന്താരാഷ്ട്ര രഹസ്യം!

അതിന്റെ ഒരു സാമ്പിള്‍ കിട്ടണം. അമേരിക്ക, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളില്‍ മാത്രമേ ആ പ്രത്യേകയിനം പൈന്‍ മരം വളരുന്നുള്ളൂ. അമേരിക്കയിലെ ഏതെങ്കിലും ഒരു കമ്പനിയുമായി ബന്ധപ്പെട്ടാലേ രക്ഷയുള്ളൂ. അവരോട് കാര്യങ്ങള്‍ സംസാരിക്കാന്‍ വേണ്ടി മുരുകാനന്ദം ഇംഗ്ലീഷ് പഠിച്ചു. താനൊരു കോടീശ്വരനായ കോട്ടണ്‍ മില്‍ ഉടമയാണെന്നും സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ താത്പര്യമുണ്ടെന്നുമുള്ള വ്യാജേന അമേരിക്കയിലെ ഒരു കമ്പനിയെ സെല്ലുലോസ് സാമ്പിളിനായി സമീപിച്ചു. അമേരിക്കയ്ക്കുള്ള ഓരോ ഫോണ്‍ വിളിക്കും കുറഞ്ഞത് 500 രൂപവെച്ചാകും.

ഒടുവില്‍ കൊറിയര്‍ വഴി അമേരിക്കയില്‍നിന്ന് സാമ്പിളെത്തി. തടിപള്‍പ്പിനെ ഞെരുക്കിയമര്‍ത്തിയുണ്ടാക്കിയ തടിനാരുകളായിരുന്നു ആ സാമ്പിളിലുണ്ടായിരുന്നത്.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ തടിനാരുകളെ നാപ്കിനാക്കി മാറ്റാനുള്ള യന്ത്രം രൂപകല്‍പ്പന ചെയ്യാനായി ശ്രമം. വാഴ, ചണം, മുള തുടങ്ങിയവയില്‍നിന്നുള്ള നാരുകളും നാപ്കിന്‍ നിര്‍മാണത്തിലെ അസംകൃതവസ്തുക്കളാക്കി മാറ്റാമെന്ന് മുരുകാനന്ദം കണ്ടെത്തി.

തന്നെ ഗവേഷണത്തില്‍ സഹായിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ ഒരു ദിവസം വഴിയില്‍വെച്ച് അയാള്‍ കണ്ടു. അവള്‍ അയാളെ തടഞ്ഞു നിര്‍ത്തിയിട്ട് ഇങ്ങനെ പറഞ്ഞു: ‘അണ്ണാ, നിങ്ങളുണ്ടാക്കിയ സാനിറ്ററി നാപ്കിനാണ് ഞാനിപ്പോള്‍ ഉപയോഗിക്കുന്നത്. അത് ധരിച്ചിട്ടുള്ളതായി പോലും തോന്നുന്നില്ല. അത്ര മികച്ചതാണത്’. നാപ്കിന്‍ ഉപയോഗിച്ചിട്ടെങ്ങനെ എന്ന് ചോദിക്കുന്നത് അതോടെ മുരുകനന്തം അവസാനിപ്പിച്ചു.

വിജയത്തിന്റെ നാളുകള്‍, ആശ്വാസത്തിന്റെ ദിനങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ ശാന്തി അയാളെ കാണാന്‍ ആദ്യമായി താത്പര്യം പ്രകടിപ്പിച്ചു.

കുറഞ്ഞ ചെലവില്‍ നാപ്കിനുണ്ടാക്കാന്‍ താന്‍ കണ്ടുപിടിച്ച വിദ്യ പേറ്റന്റ് ചെയ്തു. ആ കണ്ടുപിടിത്തം ഉപയോഗിച്ച് 20-25 കോടി രൂപ തനിക്ക് എളുപ്പത്തില്‍ സമ്പാദിക്കാമെന്ന് മുരുകാനന്ദത്തിനറിയാം. എന്നാല്‍, തന്റെ കണ്ടുപിടിത്തം ഏതെങ്കിലും ബഹുരാഷ്ട്രകമ്പനികള്‍ക്ക് നല്‍കാന്‍ അയാള്‍ തയ്യാറല്ല.

ഞാനിത് പണത്തിന് വേണ്ടി ചെയ്തതല്ല’-മുരുകാനന്ദം പറയുന്നു. ചെലവുകുറഞ്ഞ സാനിറ്ററി നാപ്കിന്‍ നിര്‍മാണ പ്രസ്ഥാനം രാജ്യമെമ്പാടും ശക്തിപ്പെടാനാണ് അയാളുടെ ആഗ്രഹം. സ്ത്രീകളുടെ സ്വയംസഹായസംഘങ്ങളെ നാപ്കിന്‍ നിര്‍മാണം ഏല്‍പ്പിക്കുകയാണ് മുരുകാനന്ദം ചെയ്യുന്നത്. നിലവില്‍ 23 സംസ്ഥാനങ്ങളിലായി 600 നാപ്കിന്‍ നിര്‍മാണയന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്ത്രീകളുടെ സ്വയംസഹായസംഘങ്ങളും, സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവര്‍മെന്റിതര സംഘടനകളുമാണ് അവ സ്ഥാപിച്ചിട്ടുള്ളത്.

ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്രമേഖലകളിലും തന്റെ കണ്ടുപിടിത്തം സ്ത്രീകള്‍ക്ക് തുണയാകണമെന്ന് മുരുകാനന്ദം ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മാത്രം സ്ത്രീകള്‍ക്ക് കുറഞ്ഞത് പത്തുലക്ഷം തോഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കാനാകുമെന്നാണ് അയാളുടെ കണക്ക്.

ആരോഗ്യം ശുചിത്വവും സംരക്ഷിക്കുന്നതിനൊപ്പം, അതിനുള്ള നാപ്കിന്‍ നിര്‍മാണം ഒരു ജീവിതാപോധികൂടിയാക്കി മാറുകയാണ് സ്ത്രീകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. സ്വപ്നതുല്യമെന്ന് പറയാവുന്ന ഒരു സംഗതി. ഒരു സാധാരണ മനുഷ്യന്റെ ജീവിതസമര്‍പ്പണം ഒരു അസാധാരണ വിജയഗാഥയായി പരിണമിക്കുകയാണ് ഇതിലൂടെ.