ലോക്ക് ഡൗൺ കാലത്തെ പ്രവാസി വീട്

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഗവര്മെന്റും പലസാമൂഹ്യ സേവന സംഘടനകളും രാഷ്ട്രീയ പാർട്ടികളും എല്ലാം അവരാൽ കഴിയുന്ന സഹായം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നുണ്ട്.ഏതെങ്കിലും വീട്ടിൽ ആരെങ്കിലും ഗൾഫിൽ ആണെങ്കിൽ ആ വീട് ആരും അങ്ങനെ പരിഗണിക്കാറില്ല.കാരണം ഗൾഫിലാണ് പണം ഉണ്ട്, ബുദ്ധിമുട്ട് കാണില്ല എന്നാണ് എല്ലാവരുടെയും വിചാരിക്കുന്നത്.എന്നാൽ അങ്ങനെ അല്ല പ്രവാസികളുടെ വീട്ടിലെ അടുപ്പ് പുകയുന്നുണ്ടോ എന്ന് കൂടി നോക്കണം എന്ന് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ഒരു പോസ്റ്റിലൂടെ പറയുകയാണ് പ്രവാസിയായ Sameer Ilan Chengampalli .

Advertisement

ഗൾഫിൽ നിന്നും നാട്ടിൽ വരുമ്പോൾ ചെറുതായി ഒന്ന് ഷൈൻ ചെയ്യും എന്ന് കരുതി അവരുടെ വീട് ഒഴിവാക്കി നിർത്തല്ലേ.വീട് വലുതാണെകിലും പല വീടുകളിലും അടുപ്പ് പുകയുന്നുണ്ടാവില്ല.

ദുരഭിമാനത്തെ ഓർത്തു പലരും അത് പറയില്ല.അടുത്ത മാസം മുതൽ മിക്കവർക്കും ശമ്പളം കാണില്ല ഇങ്ങനെ നീളുന്ന പോസ്റ്റ് പ്രവാസിയുടെ കണ്ണ് നനയ്ക്കും.കാരണം അവർ ഇപ്പോൾ അനുഭവിക്കുന്ന ജീവിതം തുറന്നു കാട്ടുകയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം

” ഇക്കാ, അരിയും സാധനങ്ങളെല്ലാം തീർന്നു, എന്തേലും അയച്ചില്ലേൽ കുട്ടികളും ഉപ്പയും ഉമ്മയും പട്ടിണിയാകും, എന്റെ കാര്യം നോക്കേണ്ട.. ”
” സാരല്ല, ഞാൻ ആ നിസാമിനോട് പറഞ്ഞിട്ടുണ്ട്, അവൻ വൈകുന്നേരം പൈസ കൊണ്ടുവരും, അതുകൊണ്ട് സാധനങ്ങളെല്ലാം മേടിച്ചോണ്ടു…
പിന്നെ പണമെല്ലാം സൂക്ഷിച്ചു ചിലവഴിക്കൊണ്ടു, അടുത്ത മാസം ശമ്പളമില്ലെന്നാ കമ്പനി അറിയിച്ചത്…. “അവൾ ഫോൺ കട്ട് ചെയ്തു അടുക്കളയിലേക്ക് നടന്നു, ചോറും കറിയും വിളമ്പിയതിന് ശേഷം മക്കളെ വിളിച്ചു….”എല്ലാരും കളി മതിയാക്ക്, ഇനി ചോറ് തിന്നിട്ട് കളിക്കാം… “എനിക്ക് വേണ്ടാ, എന്നുമൊരു പപ്പടവും അച്ചാറും..””ഡാ, ലോക്ക് ഡൗൺ അല്ലേ, ഇറച്ചിയും മീനുമൊന്നും ഇപ്പോൾ കിട്ടില്ല, ഉള്ളതോണ്ട് കഴിക്ക്.. ”
“ആര് പറഞ്ഞു, അപ്പുറത്തെ വീട്ടുകാരൊക്കെ മേടിക്കുന്നുണ്ടല്ലോ, പൈസ തന്നാൽ മതി, ഞാൻ പോയി വാങ്ങി വരാം… ”
“ഇന്നിപ്പോൾ ഏതായാലും ഉമ്മച്ചി ഇതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കിയില്ലേ, ഇനി നാളെ വാങ്ങാം.. ”
മക്കളൊക്കെയൊക്കെ ഒരു വിധം സമാധാനിപ്പിച്ച് അവൾ ഭക്ഷണം വിളമ്പിവെച്ചു, അച്ചാറും പപ്പടവും ചോറിൽ കൂട്ടിക്കുഴച്ച് ഉരുളകളാക്കിയതിന് ശേഷം അവൾ ഇളയകുട്ടിയുടെ വായിലേക്ക് വെച്ച് കൊടുത്തു….
അവൻ പ്രയാസപ്പെട്ട് അവയെല്ലാം അകത്താക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ഠമിടറി, കണ്ണുനീർ പുറത്തേക്കൊലിച്ചു…
” പടച്ചോനെ, എന്നാ ഈ കെടുതി തീരുക…. ”
പെട്ടെന്നാണ് വീടിന്റെ കോളിംഗ് ബെല്ലടിച്ചത്, അവൾ കുഞ്ഞിനെ തറയിൽ വെച്ച് കൈ കഴുകി ഉമ്മറത്തേക്ക് ചെന്നു….
” അതേ താത്തെ, നമ്മുടെ കൂലിപ്പണിക്കാരൻ ഹംസാക്കാന്റെ വീട് ഏതാ, ഇവിടെ അടുത്തെവിടെയോ ആണെന്നറിയാം, ഞങ്ങളുടെ യൂത്ത് ഫെഡറേഷന്റെ കുറച്ചു ഭക്ഷണ കിറ്റുകൾ ഉണ്ടായിരുന്നു…. ”
” ആ കാണുന്ന മഞ്ഞ പെയിന്റടിച്ച വീടാ,… ”
” നന്ദി താത്തെ, പിന്നെ ലത്തീഫ് കാക്ക വിളിക്കുമ്പോൾ ഞങ്ങളെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്തേലും അയക്കാൻ പറയണേ, മൂപ്പരെ പോലുള്ള ഗൾഫുകാരാണ് നമ്മുടെ ഏക ആശ്രയം…. ”
അയാൾ പോയിക്കഴിഞ്ഞതും അടുക്കളയിൽ നിന്ന് മൂത്തമോന്റെ വിളി….
” ഉമ്മാ, ഉമ്മാന്റെ ഫോൺ ബെല്ലടിക്കുന്നു… ”
അവൾ നേരെ അടുക്കളയിലേക്ക് ഓടി, ഫോണെടുത്തു, മറുതലക്കൽ….
” ഞാനാ, നിസാം… ലത്തീഫിക്ക രാവിലെ വിളിച്ച് കുറച്ച് പൈസ റെഡിയാക്കാൻ പറഞ്ഞിരുന്നു…
ഇപ്പോൾ പൈസക്കൽപ്പം ടൈറ്റാ, ഞാൻ തിരഞ്ഞിട്ട് കിട്ടീല്ല, മൂപ്പര് വിളിക്കാണേൽ ഒന്ന് പറയണേ…. ”
നിസാം ഫോൺ വെച്ചതും അവളുടെ കരങ്ങൾ ദുർബ്ബലമായി, ഫോൺ താഴെ വീണു….
********************************
നിങ്ങൾ പാവപ്പെട്ടവരുടെ കുടിലുകളിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിച്ചിറങ്ങുമ്പോൾ തൊട്ടടുത്ത വീട്ടിലെ ഗൾഫുകാരന്റെ വീട്ടിലും ഒന്ന് കയറണം…അവർ ലീവിന് വരുമ്പോൾ കാണിക്കുന്ന ഷോഓഫുകൾ വിശ്വസിച്ച് അവരെ മാത്രം അകറ്റി നിർത്തല്ലേ.അടുത്ത മാസം മുതൽ മിക്കവർക്കും ശമ്പളം കിട്ടില്ല, അല്ലെങ്കിൽ പകുതി ശമ്പളമേ മാത്രമേ കിട്ടൂ.ദുരഭിമാനത്തെ ഓർത്ത് പലരും അത് പറയില്ല, രണ്ടും മൂന്നും നിലയുള്ള മാളിക മാത്രമേ നിങ്ങൾ കാണൂ, കെട്ടിയോൻ അയക്കുന്ന ശമ്പളവും പ്രതീക്ഷിച്ച് മക്കളെയും വൃദ്ധരായ മാതാപിതാക്കളെയും ഊട്ടി ഉറക്കാൻ പാടുപെടുന്ന അവളെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ലാ.”ഞാൻ രണ്ട് മാസം ശമ്പളം അയച്ചില്ലേൽ പിറ്റേന്ന് മുതൽ എന്റെ കുടുംബം പട്ടിണിയാണെടാ… ”
മിക്ക പ്രവാസികളും ഇവിടെ ഇരുന്ന് ഉരുകിത്തീരുകയാണ്.കേരളം ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും ദൈവത്തിന്റെ സ്വന്തം നാടായി മാറിയതല്ല…
മരുഭൂമിയിൽ പണിയെടുത്ത് പ്രവാസികളുണ്ടാക്കിയതാണ് ഇന്നത്തെ കേരളം….അവരെ ഒന്ന് ഗൗനിച്ചേക്കണേ…
Sameer ilan chengampalli