14 കിലോ വരുന്ന ബാഗ് വീടാക്കി ദിവസം 150 രൂപ ചിലവില്‍ യാത്ര ചെയ്യുന്ന ഒരാളെ പരിചയപ്പെടാം

പ്രശാന്ത് ഉണ്ണി കൃഷ്ണന്‍ എന്ന കൊച്ചിക്കാരന്‍ യാത്രക്കിടയില്‍ ഹിമ്മത്ത് റാണ എന്ന ഹിമാചല്‍പ്രദേശുകാരനെ കണ്ടു മുട്ടിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അദ്ദേഹം നിങ്ങള്‍ക്കായി പങ്കു വെക്കുന്നു.

Advertisement

ഇന്നലെ വ്യക്തിപരമായ കാരണത്താൽ തൃപ്പൂണിത്തുറ RT ഓഫീസ് വരെ പോകേണ്ടതായത് കൊണ്ട് ഉച്ചയ്ക്ക് ശേഷം ഓഫീസിൽ നിന്ന് ഇറങ്ങി. യാത്രയ്ക്കിടയിൽ ബസ്സിൽ ഒരു സീറ്റ് കിട്ടി. ഇരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു. കാരണം അടുത്ത സീറ്റിൽ ഇരിക്കുന്ന ആൾ ഒരു വിദേശിയെ പോലെ തോന്നിച്ചു. അവിടെ ഇരുന്നാൽ ആൾ ആദ്യം തന്നെ സംസാരിച്ച് തുടങ്ങുവാൻ സാധ്യതയുണ്ട്. അനുഭവം കൊണ്ട് അറിയാം സായിപ്പിന്റെ ഇംഗ്ലീഷ് ഫോളോ ചെയ്ത് സംസാരിക്കുവാൻ ഭയങ്കര പ്രയാസമാണ്.

എന്തായാലും രണ്ടും കൽപ്പിച്ച് അവിടെ ഇരുന്നു, അല്ലേൽ ഒരു 45 മിനിറ്റ് ഒക്കെ നിൽക്കേണ്ടി വരുമെന്ന വലിയ യാഥാർതഥ്യം ഞാൻ ഉൾക്കൊണ്ടു. ഇരുന്ന ഉടനെ തന്നെ ദേ ആദ്യ ചോദ്യമെത്തി. ” തൃപ്പൂണിത്തുറയ്ക്ക് ആണോ?” ഞാൻ അതെ.. ”ഹിൽ പാലസ് അറിയുമോ? ഞാൻ പറഞ്ഞു “ഈ ബസ് അവിടം വരെ പോകില്ല, തൃപ്പൂണിത്തറ ഇറങ്ങി വേറെ ബസിനോ ഓട്ടോയ്ക്കോ പോകാം.”

അപ്പോൾ ഞാൻ ആലോചിച്ചു,. अरे वाह! സായിപ്പിന്റെ ചോദ്യം ഒക്കെ ഫോളോ ചെയ്ത് സംസാരിക്കുവാൻ പറ്റിയിരിക്കുന്നു..നമ്മുടെ ഇന്ത്യക്കാരുടെ ഇംഗ്ലീഷ് എത്ര വേഗത്തിലായാലും മനസ്സിലാക്കുവാൻ, മറുപടി പറയുവാനും പ്രയാസമുണ്ടാവില്ല. ഇംഗ്ലീഷ്കാരുടെ ഇംഗ്ലീഷ് ഇച്ചിരി കട്ടിയാണ്. എന്തായാലും എനിക്ക് സന്തോഷമായി നമ്മൾ തകർക്കുവാണല്ലോ…

ആളുടെ അടുത്ത ചോദ്യം ” ഞാൻ ഇറങ്ങുന്ന സ്റ്റോപ്പിന് മുമ്പാണോ ശേഷമാണോ താങ്കൾ ഇറങ്ങുന്നത് ”
ഞാൻ പറഞ്ഞു ” അല്ല മുൻപാണ്, കണ്ടക്ടറോട് ഒന്ന് പറഞ്ഞാൽ മതി. അദ്ദേഹം ഓർമ്മിപ്പിക്കും.”

ഇത്രയും ആയ സ്ഥിതിയ്ക്ക്
ഞാൻ ചോദിച്ചു “താങ്കളുടെ രാജ്യം ഏതാണ്?”
അദ്ദേഹം ” ഹിമാചൽ ”
ഞാൻ ഒരു ചെറിയ ഞെട്ടലോടെ “You mean Himachal Pradesh!!!”
അദ്ദേഹം “Yes”

അപ്പോൾ എനിക്ക് മനസ്സിലായി ഇത്രയും നേരം എന്തുകൊണ്ടാണ് ഇംഗ്ലീഷിൽ ഞങ്ങൾ കട്ടയ്ക്ക് കട്ടയ്ക്ക് പിടിച്ച് നിന്നത് യെന്ന്.

” I am very sorry , you are look like a foreigner, that’s why I asked”

അദ്ദ്ദേഹം “Its ok , Do you know HP?”

ഞാൻ: അറിയാം.. ധർമ്മശാല, ക്രിക്കറ്റ് മാച്ച് നടക്കുന്ന സ്റ്റേഡിയം ഒക്കെ ഉള്ള സ്ഥലം ” അദ്ദേഹം ” Yes, Yes “

ഞാൻ എന്റെ പേര് പറഞ്ഞു കൊണ്ട്
” അപ്പോൾ താങ്കളുടെ പേര്?
“ഹിമ്മത്ത് റാണ ” അദ്ദേഹം പറഞ്ഞു.

ഞാൻ ” താങ്കൾ എവിടെയാണ് താമസിക്കുന്നത്, വർക്ക് ചെയ്യുന്നുണ്ടോ?”

അദ്ദേഹം ” ഞാൻ ഒരു ടെന്റിൽ ആണ് താമസിക്കാറ്, മാരുതി കമ്പിനിയിൽ, ഡൽഹിയിൽ ജോലി ചെയ്തിരുന്നു.”

ഞാൻ അത്ഭുതത്തോടെ ചോദിച്ചു ” ടൂർ പോകുമ്പോൾ ടെന്റിലോ? ഇവിടെ കേരളത്തിലും!!!! “

അദ്ദേഹം: “അതെ ..എല്ലായിടത്തും ഞാൻ എന്റെ ടെന്റിൽ ആണ് താമസിക്കാറ്, എന്റെ പതിനാല് കിലോ വരുന്ന ബാഗ് ആണ് എന്റെ വീട് “

എനിക്ക് വളരെ കൗതുകം തോന്നി..

ഞാൻ പറഞ്ഞു ” വളരെ കൗതുകം ഉണ്ട് നിങ്ങളുടെ യാത്രയും വിവരങ്ങളും, എനിക്ക് പോകേണ്ട RT ഓഫീസിൽ അഞ്ച് മിനിറ്റത്തേ കാര്യമേ ഉള്ളൂ, താങ്കൾക്ക് വരുവാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ ഈ കാര്യത്തിന് ശേഷം ഞാൻ കൂടി വരാം ഹിൽ പാലസിന് അടുത്ത് വരെ.”

അദ്ദേഹം: “എനിക്കു ബുദ്ധിമുട്ട് ഒന്നുമില്ല, താങ്കൾക്ക് ബുദ്ധിമുട്ട് ആവില്ലേൽ സന്തോഷം ”
ഞാൻ പറഞ്ഞു ” ഞാൻ ഫ്രീയാണ് ഇത് കഴിഞ്ഞാൽ നമ്മൾക്ക് ഒന്നിച്ച് പോകാം.”

“Ok” അദ്ദേഹവും സമ്മതം മൂളി…
അങ്ങനെ ഞങ്ങൾ ആദ്യം RT ഓഫീസിലേയ്ക്ക്… ഞങ്ങളെ കാണുന്നവർ ഞാൻ ഗൈഡും, അദ്ദേഹം ഒരു ടൂറിസ്റ്റാണെന്നും വിചാരിച്ച് തുടങ്ങി..

ഞങ്ങൾ നേരെ RT ഓഫീസിലേക്ക് പോയി.അദ്ദേഹം അവിടെ വിസിറ്റേഴ്സ് ചെയറിൽ ഇരുന്നു. അവിടുന്ന് തിരിച്ചു വരുന്ന വഴി ഹിമ്മത്ത് തന്റെ ഡ്രൈവിംഗ് ലൈസൻസും , വാഹന രജിസ്ട്രേഷൻ ബുക്കും കാട്ടിത്തന്നു… ഒരു ചിപ്പ് കാർഡ്. അതിൽ ലൈസൻസിന്റെയും അദ്ദേഹത്തിന്റെ വാഹനത്തിന്റെയും വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്..

ഹിൽപ്പാലസിലേക്ക് പോകുവാനായി ബസ് സ്റ്റോപ്പിൽ നിന്നപ്പോൾ ഞാൻ ചോദിച്ചു “നമ്മൾക്ക് ഓട്ടോയ്ക്ക് പോകണോ, ബസ്സിൽ പോകണോയെന്ന് ”
ഹിമ്മത്ത്: “നമ്മൾക്ക് ബസ്സിൽ പോകാം “

അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി, ടിക്കറ്റ് എടുക്കുവാൻ രണ്ട് പേരുടെയും കൂടി പൈസ ഞാൻ കൊടുത്തപ്പോൾ ഹിമ്മത്ത് അത് നിരസിച്ചു.. ഹിമ്മത്തിനെ അത്രയും നേരം മനസ്സിലാക്കിയത് വച്ച് ഞാൻ പറഞ്ഞു “ഞാൻ എന്റെ കൊടുക്കാം ഹിമ്മത്ത് താങ്കളുടെ മാത്രം കൊടുത്തു കൊള്ളൂ..” ഹിമ്മത്തും ഒക്കെ പറഞ്ഞൂ..

ഹിമ്മത്തിന്റെ അച്ഛൻ ആർമിയിൽ ആയിരുന്നു. അമ്മ ടീച്ചറും. രണ്ട് പേരും ജോലിയിൽ നിന്ന് വിരമിച്ചു ഇപ്പോൾ ഡൽഹിയിൽ താമസിക്കുന്നു.. ഒരു വർഷം മുൻപ് ഇളയ സഹോദരിയുടെ വിവാഹവും കഴിഞ്ഞു.

ഹിമ്മത്ത് ഇലക്ട്രോണിക്സ് ആൻറ് കമ്മ്യൂണിക്കേഷൻസിൽ എഞ്ചിനിയറിംഗും കഴിഞ്ഞ് മാരുതി സുസുക്കിയിൽ പത്ത് വർഷം ജോലി ചെയ്തു.. സുസുക്കി മാരുതിയിൽ വന്നത് കൊണ്ട് ജപ്പാന്റെ എല്ലാ തിയറികളും അവർ പ്രാവർത്തികമാക്കി പ്രവർത്തന മികവ് കൂട്ടി.. 5ട മുതൽ Kaizen, JIT, Six sigma, TPM, TQM അങ്ങനെ ഒട്ടനേകം തിയറികൾ. അതൊക്കെ ജോലിക്കാരുടെയും വ്യക്തി ജീവിതത്തിലും പ്രതിഫലിച്ചിരിക്കും എന്നുറപ്പാണ്.

എന്തായാലും പത്ത് വർഷത്തെ ജോലിയിൽ ഹിമ്മത്ത് ജപ്പാൻ, സൗത്ത് കൊറിയ, ഫിലിപ്പീൻസ്, ജോർദാൻ, തായ്ലൻഡ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ സഞ്ചരിച്ചു കഴിഞ്ഞിരിന്നു.

ഞങ്ങൾ ഹിൽപ്പാലസിൽ എത്തി ഏകദേശം ഒരു മൂന്ന് മണി. നേരത്തെ പറഞ്ഞ പോലെ ഞാൻ ഗൈഡാണെന്നും ഹിമ്മത്ത് ടൂറിസ്റ്റാണെന്ന് ആണ് എന്ന് മിക്കവരും വിചാരിച്ചു.. ഞാൻ തിരുത്താനും പോയില്ല.. മഴയില്ലാത്തത് നന്നായി. ഞങ്ങൾ എൻട്രി ടിക്കറ്റ് എടുക്കുവാനായി പോയി.. എന്തായാലും ഇവിടെ വരെ എത്തിയിട്ട് പഴയ രാജാക്കൻമാരെ ഒന്ന് കാണാതെ പോയാൽ അവർ എന്ത് വിചാരിക്കും എന്ന് ഞാൻ ഓർത്തു. അങ്ങനെ വീണ്ടും അപ്ന, അപ്ന ടിക്കറ്റ് എടുത്തു..

മാരുതിയിൽ വർക്ക് ചെയ്ത അവസാന രണ്ട് വർഷം ഹിമ്മത്ത് ശരിക്കും പ്ലാനിങ്ങിൽ ആയിരുന്നു എന്താണ് തന്റെ ലക്ഷ്യമെന്നതിൽ. 2014 മുതൽ തന്റെ സമ്പാദ്യം എല്ലാം യാത്രകൾക്കായി കൂട്ടി വച്ചു. ഇന്ത്യയെ അറിയണം, യാത്രയിലൂടെ പഠിക്കണം, എന്നിട്ടാകാം വിദേശ രാജ്യങ്ങൾ..

ജൂൺ 2016 ൽ മാരുതിയിൽ നിന്ന് ഹിമ്മത്ത് ജോലി രാജി വെച്ചു.. അവിടെ കൂടുതൽ ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവിൽ..പിന്നെ യാത്രകൾ തുടങ്ങുകയായി. ഇതു വരെ അരുണാചൽ പ്രദേശ്, മണിപ്പൂർ, ഉത്താരാഗണ്ഡ്, ലഡാക്ക്, ഹിമാചൽ, മധ്യപ്രദേശ്, രാജാസ്ഥാൻ എന്നീ സ്ഥലങ്ങൾ ഈ ഒരു വർഷത്തിനിടയിൽ സഞ്ചരിച്ചു കഴിഞ്ഞു..

നമ്മൾ ഒന്ന് ഡൽഹി വരെ ടൂർ പോകണമെങ്കിൽ എന്തായിരിക്കും ബഡ്ജറ്റ്. യാത്രയ്ക്ക് ഒരു രണ്ടായിരം, താമസം കുറഞ്ഞത് ഒരു ആയിരത്തി അഞ്ഞൂറ്, ഭക്ഷണം ഒരു മുന്നൂറ് കുറഞ്ഞത്, സാധാനം വാങ്ങാൻ രണ്ടായിരം ലോക്കൽ ടാക്സി യാത്ര ഒരു അഞ്ഞൂറ്, അങ്ങനെ ഒരു അഞ്ച് ദിവസ ടൂറിന് ഏകദേശം കുറഞ്ഞത് ഒരു പതിനാലായിരം രൂപ…..

എന്നാൽ ഹമ്മിത്തിന്റെ ഈ സഞ്ചാരം ഒരു ടൂർ പൊലെ അല്ല കേട്ടോ…ഒരു സ്ഥലത്ത് കുറഞ്ഞത് ഒന്നര, രണ്ട് മാസം താമസിച്ച് ആ സ്ഥലം മുഴുവൻ സഞ്ചരിക്കും. കൂടുതലും പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കും. ഒട്ടോ , ടാക്സി പൂർണമായും ഒഴിവാക്കും. തന്റെ ബഡ്ജറ്റ് നിയന്ത്രിക്കുവാൻ വേണ്ടിയാണത്. രാജ്യം മുഴുവൻ കാണണ മെങ്കിൽ ഈ പ്ലാനിംഗ് ഒക്കെ വേണം. പൊതുഗതാഗതം ഇല്ലാത്ത സ്ഥലത്ത് 40 Km ചുറ്റളവിൽ നടക്കും.. മണിക്കൂറിൽ 5 Km നിരപ്പായ സ്ഥലത്തും, ഹിൽ ഏരിയകളിൽ അത് 3 km വരെ ഒരു മണിക്കൂറിൽ നടക്കും..

ഇതിനിടെ ഞങ്ങൾ രാജാക്കൻമാരുടെ ചിത്രവും, എട്ട് കെട്ടും , ആയുധങ്ങളും, ആഭരണങ്ങളുമൊക്കെ കണ്ട് നടന്ന് കൊണ്ടിരിക്കുന്നു.. പണ്ടത്തെ ക്യാബിനറ്റ് മീറ്റിംഗ് ഹാൾ.. ഹോ… എന്താ ഒരു രസം.. ആ കസേരകൾ കണ്ടാൽ ഒരു രാജസദസ്സിൽ എത്തിയ പോലെ തോന്നും…

യാത്രയിൽ എല്ലാം ഹിമ്മത്തിന് കൂട്ട് ഒരു ബാഗ് ആണ്. പതിനാല് കിലോ വരുന്ന ഒരു ബാഗ് . അതിൽ ഒരു ടെൻറ്, ഒരു സ്ലീപ്പിംഗ് ബാഗ്, രണ്ട് ജോഡി ഉടുപ്പുകൾ, ടൊയ്ലറ്റീസ്, മെഡിക്കൽ കിറ്റ്, ഒരു സോളാർ ചാർജ്ജർ, ക്യാമറ, മൊബൈൽ, ഹെഡ് ടോർച്ച്, മഴക്കോട്ട്, പവ്വർ ബാങ്ക്, നോട്ട് ബുക്ക്, പേന, പഴ്സ്, porridge 1/2 kg, അരി 250 gm, പരിപ്പ് 250gm, 1/2 kg ശർക്കര, 1/2 Kg ഡ്രൈ ഫ്രൂട്ട്, 1 Ltr പാൽ, ഒരു പാത്രം കുക്ക് ചെയ്യുവാൻ, ഒരു വലിയ കത്തി (വിറക് മുറിക്കാവാനും സ്വരക്ഷാ ആയുധമായും), ഒരു ലൈറ്റർ, ഒരു ലിറ്റർ വെള്ളം ഉൾപ്പടെ ഒരു ഫിൽറ്റർ ബോട്ടിൽ.. ഷൂ ഉം ഒരു ജോഡി ഡ്രെസ്സും ധരിച്ച് കൊണ്ട് വരും.. ഭക്ഷണത്തിന് ആയുള്ള സാധനങ്ങൾ അവിശ്യത്തിന് പിന്നീട് വാങ്ങും..

അദ്ദേഹം ഉപയോഗിക്കുന്ന ഫില്‍ട്ടര്‍ ബോട്ടില്‍ ഒരു താരമാണ്…Life Straw എന്ന ബ്രാൻഡ് ആണ് ആ ഫിൽറ്റർ ബോട്ടിൽ. അത് ഉണ്ടാകുന്നത് സുരക്ഷിതമായ കുടിവെള്ളം ഒരിക്കലും പ്രശ്നമാകരുത് എന്ന് കരുതിയുള്ള ചിന്തയിലാണ് എന്നവർ പറയുന്നു. ഈ ഒരു ലൈഫ് സ്ട്രോ വാങ്ങുമ്പോൾ അവികസിത രാജ്യത്തിലെ ഒരു സ്കൂൾ കുട്ടിയ്ക്ക് ഒരു സ്കൂൾ വർഷം മുഴുവൻ ശുദ്ധമായ കുടിവെള്ളം കിട്ടുന്നു. ഇതിന്റെ പ്രത്യേക്ത ശരിക്കും അതല്ല, വെള്ളം എത്ര മലിനമാണെങ്കിലും, ചെളിയാണെങ്കിലും, നീരുറവയാണ് എങ്കിലും അതിന്റെ ഫിൽറ്റർ വഴി അത് ശുദ്ധീകരിച്ചെടുത്ത് നേരിട്ട് കുടിക്കുവാൻ സാധിക്കുന്നു.. ഇത് US EPA ഡ്രിങ്കിംഗ് വാട്ടർ സ്റ്റാൻഡേർഡ്സ് മീറ്റ് ചെയ്യുന്നു.

എല്ലാ യാത്രയുടെയും ഹിമ്മത്തിന്റെ ബജറ്റ് 150 രൂപയാണ് ഒരു ദിവസം. ഇതിൽ 70 രൂപ യാത്രയ്ക്കായും 80 രൂപ ഭക്ഷണത്തിനായും. ഇതിനെ അങ്ങോട്ടോ ഇങ്ങോട്ടോ അഡ്ജസ്റ്റ് ചെയ്യുന്നു. porridge പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് വിശന്നാൽ ഡ്രൈ ഫ്രൂട്ട് എന്തെങ്കിലും, വൈകിട്ട് ചോറും പരിപ്പ് കറിയും..

യാത്ര തുടങ്ങുന്നതിന് മുൻപ് ഏകദേശം പോകേണ്ട സ്ഥലങ്ങൾ ഗൂഗിൾ നോക്കി മനസ്സിലാക്കും, പട്ടണം, വില്ലേജ്, നദികൾ എന്നിവയും.. ട്രെയിന് യാത്ര ചെയ്ത് പട്ടണത്തിൽ എത്തിയാൽ നേരെ അടുത്ത ഗ്രാമം നോക്കി യാത്രയാകും. പട്ടണം ഒഴിവാക്കുവാൻ കാരണം ടെൻറ് ഒക്കെ കെട്ടു വാനുള്ള സ്ഥല പരിമിതിയാണ്, കൂടാതെ വെള്ളവും..

അങ്ങനെ ഗ്രാമം നോക്കി പോകുന്ന വഴി യാത്രയിൽ കാണുന്നവരോട് വിശേഷങ്ങൾ തിരക്കും.. അടുത്ത് പുഴയുണ്ടോ എന്നൊക്കെ.. പുഴയുണ്ടെൽ അങ്ങോട്ടാകും യാത്ര, കാരണം അവിടെ കുളിക്കാം, അലക്കാം, ഭക്ഷണം പാചകം ചെയ്യാം എന്നുള്ള ലക്ഷ്യമുള്ളത് കൊണ്ട്.. ഒരു സ്ഥലം താമസിക്കുവാൻ കണ്ടെത്തിയാൽ അവിടെ ഒന്ന് നിരീക്ഷിച്ച് തിരിച്ച് പോകും, എന്നിട്ട് ഒന്ന് കറങ്ങിയിട്ട് വീണ്ടും വന്ന് ഒന്നൂടെ നിരീക്ഷിച്ച് ടെൻറ് കെട്ടും.. യാത്രയിൽ കൂടുതൽ സഹായം ഗൂഗിൾ മാപ്പ് തന്നെയാണ്… ഭാഷ അറിയണമെന്നൊന്നും ഇല്ല, ഇപ്പോൾ ശരീരത്തിന്റെ ഭാഷ ആയാലും ആളുകൾ മനസ്സിലാക്കുമെന്ന് ഹിമ്മത്ത് പറയുന്നു..

അങ്ങനെ ടെന്റ് കെട്ടിയാൽ കുറച്ച് ദിവസം അവിടെ താമസിച്ചു അടുത്തുള്ള സ്ഥലങ്ങളും എല്ലാം കാണും നാട്ട്കാരെ പരിചയപ്പെടുവാനും ശ്രമിക്കും… ഇലക്ട്രിസിറ്റി ഇല്ലാത്തത് കൊണ്ട് രാവിലെ പുറപ്പെടുന്നതിന് മുൻപായി സോളാർ ചാർജ്ജർ സെറ്റ് ചെയ്ത് വയ്ക്കും. അതിലൂടെയാണ് രാത്രിയിൽ അത്യാവശ്യ വെളിച്ചവും മൊബൈൽ ചാർജ്ജിങ്ങും നടക്കും…രാത്രി ഏഴ് മണിക്ക് ഉറങ്ങുവാനും ശ്രമിക്കും…

ഇതാണ് ഹിമ്മത്ത് റാണാ. 150 രൂപയുമായി കേരളത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്നയാൾ. ഞാൻ ചോദിച്ചു എന്ത് കൊണ്ട് നിങ്ങൾ ഇങ്ങനെ… ഹിമ്മത്ത് പറഞ്ഞത് എന്തായാലും നമ്മൾ എല്ലാവരും ഒരു നാൾ മരിക്കും. അത് യാഥാർത്ഥ്യമാണ്.. അതിന് മുൻപുള്ള സമയങ്ങളിൽ നമ്മൾക്ക് കാണുവാനും കേൾക്കുവാനും അറിയുവാനും ഏറെയുണ്ട്. അതിന് ഞാൻ ഈ യാത്രയിലൂടെ ശ്രമിക്കുന്നു.. ഒരു പങ്കാളി വേണമെന്നുണ്ട് ഒരു സുരക്ഷിതത്വം ഭാവിയിൽ ആവശ്യമാണ്, എങ്കിലും പക്ഷേ ഇപ്പോഴില്ല, ഞാൻ ആദ്യം നമ്മുടെ നാടിനെ അറിയട്ടെ…

അമിത സൗകര്യങ്ങളും ആർഭാടങ്ങളും ആഗ്രഹമില്ല.. അടിസ്ഥാന കാര്യങ്ങൾ മാത്രം ഭക്ഷണം, വസ്ത്രം , പാർപ്പിടം…

കേരളത്തെ കുറിച്ച് കുറച്ച് ചില അഭിപ്രായങ്ങൾ ഉണ്ട് , കമ്മ്യൂണിസമുള്ള നാട്, എല്ലാരും ശുചിത്വ വ്യക്തിയായി നടക്കുന്ന നാട്, സാധാരണക്കാരായവർ, അധികം ഒച്ച എടുക്കാത്തവർ, മാനുഷിക വിഭവശേഷി ഉള്ള ജനത, മലയാളി നഴ്സ്മാരുടെ കാരുണ്യത്തിന്റെ കഥകൾ അങ്ങനെ ഒത്തിരി.. പക്ഷേ ഇവിടുത്തെ സമരവും, ഇവിടുത്തെ കൊലപാതകങ്ങളിൽ ചില ആശങ്കയും പങ്കുവച്ചു…

ഞാൻ പറഞ്ഞു: ” ഹിമ്മത്ത്, ഞാൻ നിങ്ങളെ ക്കുറിച്ച് എഴുതും, നിങ്ങൾ ഒരു വെത്യസ്ഥനാണ്. “

എനിക്ക്‌ നിങ്ങളുടെ ജീവിതം കണ്ടപ്പോൾ ഒന്ന് മനസ്സിലായി ജീവിക്കുവാൻ ഭക്ഷണം, വസ്ത്രം , പാർപ്പിടം മാത്രം മതിയെന്ന്.. ബാക്കി മുഴുവൻ നമ്മുടെ ആർഭാടങ്ങൾ മാത്രമാണ്..

ഈ ഒരു മാസം ഹിമ്മത്ത് കേരളത്തിൽ ഉണ്ടാകും. മിനിഞ്ഞാന്ന് എത്തിയതേ ഉള്ളൂ.. ഇവിടുന്ന് പോയാൽ ഒരു ആറ് ദിവസം ഡൽഹിയിൽ അച്ഛനും അമ്മയോടുമൊപ്പം തങ്ങിയ ശേഷം അരുണാചലിലേക്ക് ഒന്നൂടെ പോകും. അടുത്ത ജനുവരിയിൽ വീണ്ടും വരുമ്പോൾ കാണാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.. ഹിമ്മത്തിന്റെ ആ നോട്ട് ബുക്കിലെ രണ്ട് പേജിലാണ് ഇതിന്റെ ചില കുറിപ്പുകൾ ഞാൻ എഴുതിയത്….

നന്ദി, ഹിമ്മത്ത്… നമ്മൾ ഇനിയും കാണും . നാല് മണിക്കൂർ സൗഹൃദം നാൽപ്പത് വർഷം പഠിപ്പിച്ച പോലുണ്ട്…

ഞാൻ: what’s your age Himmat ?”
ഹിമ്മത്ത്: “34, and yours?”
ഞാൻ: “33 ”
ഹിമ്മത്ത്: ” ohh , you are looking so young!!”
(Ohh & so , ഞാൻ സ്വന്തമായിട്ട് ഇട്ടതാട്ടോ. ഇച്ചിരി തള്ളൽ ആയിക്കോട്ടെയെന്ന് ഓർത്തു )
ഞാൻ: “Really!!! …Bye for now Himmat, Thanks a lot, we will meet in Jan’18”

തിരിച്ച് ഞാൻ എറണാകുളം സൗത്തിലും, റാണാ മേനകയ്ക്കും പോയി… വീണ്ടും കാണും എന്ന പ്രതീക്ഷയോടെ… അതെ…. ഇങ്ങനെയും ജീവിക്കാം ഹിമ്മത്ത് റാണയെ പോലെ….

നിങ്ങൾക്കും റാണയെ ഫോളോ ചെയ്യാം ഇൻസ്റ്റഗ്രാമിൽ, ഒരു ചിത്രവും കൂടെ ഒരു കുറിപ്പും ഉണ്ടാകും എല്ലാ യാത്രയുടെയും അവസാനം… @himmat9

എഴുതിയത്:Prasanth Unni Krishnan