പ്രധാനമന്ത്രി സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നതിന്റെ പിന്നിലെ കാരണം എന്താവും

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നത് പരിഗണിക്കുന്നതായി ഇന്നലെ ട്വിറ്ററിൽ അറിയിചിരുന്നു.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവിടങ്ങളിലായി 130 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മോദി ഇതാദ്യമായാണ് ഇത്തരമൊരു നടപടിയെക്കുറിച്ച് സംസാരിക്കുന്നത്.“ഈ ഞായറാഴ്ച, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപേക്ഷിക്കാൻ ആലോചിക്കുന്നു.”എന്നാണ് ട്വീറ്റ്.

Advertisement

ഞായറാഴ്ച ഒരു ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് മാറിനിൽക്കുന്നതാണോ ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയില്ല.
കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാനും , മറ്റുള്ളവരെ വ്രണപ്പെടുത്താനും സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് മോദി പലപ്പോഴും ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്തായാലും ട്വീറ്റിന് പിന്നാലെ പല തരത്തിലുള്ള അഭിപ്രായങ്ങൾ പ്രചരിക്കുന്നുണ്ട്.

കെ പി റഷീദ് ഫേസ് ബുക്കിൽ പങ്കുവച്ച കുറച്ചു കാര്യങ്ങൾ ഇതാ

വെറുതെ പുള്ളി, സോഷ്യൽ മീഡിയ വിടില്ല!
സോഷ്യൽ മീഡിയ വിടുന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നതോടെ പല വിധ പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ചിലർ അതിനെ ട്രോളുന്നു. മറ്റ് ചിലർ വിശകലനം ചെയ്യുന്നു. വേറെ ചിലർ ഭയക്കുന്നു. എന്തായാലും, ഈ സമയത്തുള്ള ആ പറച്ചിൽ വെറുതെ ആവാനിടയില്ല.

മൂന്ന് സാധ്യതകളാണ് തോന്നുന്നത്:

1. സി എ എ പ്രക്ഷോഭവും തൊട്ടു പിന്നാലെ ജെ എൻ യുവിലും ജാമിഅയിലുമൊക്കെ നടന്ന പൊലീസ് നടപടികളും ഏറ്റവുമൊടുവിലെ ഡൽഹി കലാപവുമെല്ലാം കത്തിപ്പടർന്ന ഇടം സോഷ്യൽ മീഡിയയാണ്. അതിനെ നിയന്ത്രിക്കണം. അതിനുള്ള വഴി സോഷ്യൽ മീഡിയകളെ വിരട്ടലാണ്. ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയുമെല്ലാം വലിയ മാർക്കറ്റാണ് ഇന്ത്യ. ഭരിക്കുന്നവർക്കൊപ്പം നിൽക്കാൻ ഈ സോഷ്യൽ മീഡിയകൾക്ക് മേലുള്ള സമ്മർദ്ദം കൂടി വരികയാണ്. സർക്കാറിന് ഇഷ്ടമുള്ളത് മാത്രമുള്ള സോഷ്യൽ മീഡിയാ എന്ന ആവശ്യം പക്ഷേ ഒരു കമ്പനിക്കും പൂർണ്ണമായി സ്വീകരിക്കാനാവില്ല. അവർ പൂർണ്ണമായി വഴങ്ങാത്ത സാഹചര്യത്തിൽ, പുതിയ എന്തോ ഒന്ന് കാണിച്ച് അവരെ ഭീഷണിപ്പെടുത്താനുള്ള സമ്മർദ്ദതന്ത്രമാവാം ഇത്.

2. അദ്ദേഹം പോവുന്നതിൽ എന്തോന്ന് സമ്മർദ്ദം എന്ന് വേണമെങ്കിൽ പുച്ഛിക്കാവുന്നതാണ്. എന്നാൽ ആ സമ്മർദ്ദത്തിന്റെ കിടപ്പ് മറ്റ് വഴിക്കാവാനാണ് സാധ്യത. ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ സോഷ്യൽ മീഡിയാ വിപണിയാണ് ഇന്ത്യ. ചൈന പാശ്ചാത്യ സോഷ്യൽ മീഡിയകളെ പണ്ടേ പടിയടച്ചു പിണ്ഡം വെച്ച്, സ്വന്തമായി സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങി. ഇതേ മാർഗം സ്വീകരിക്കണമെന്ന താൽപ്പര്യം ഇന്ത്യയ്ക്ക് ഏറെ നാളായുണ്ട്. സാക്ഷാൽ മുകേഷ് അംബാനി തന്നെ പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ടു. ഡാറ്റാ സാമ്രാജ്യത്വം എന്നൊക്കെ പറഞ്ഞു കൊണ്ട്, ഇന്ത്യയ്ക്ക് സ്വന്തമായി സോഷ്യൽ മീഡിയ വേണമെന്നാണ് പുള്ളി പറഞ്ഞു വെച്ചത്. കയ്യിലിപ്പോൾ തന്നെ ജിയോ ഉണ്ട്. ബി എസ് എൻ എല്ലിനെ അടക്കം തകർത്ത് കൊണ്ടുവരാൻ പോവുന്ന കുത്തക മനസ്സിലുണ്ട്. അതിനാൽ, ഇന്ത്യയ്ക്ക് സ്വന്തമായി, സർക്കാറിന്റെയും ഭരണകക്ഷിയുടെയും അംബാനിയുടെയുമൊക്കെ നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ കൊണ്ടുവരാൻ പോവുന്നതിന്റെ മുന്നോടിയാവാം ഇത്. അതു ചൂണ്ടിക്കാട്ടിയുള്ള വിലപേശലും.

3. പുതിയ ഐടി നിയമം ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. സുപ്രീം കോടതി മുമ്പ് ഉച്ചാടനം ചെയ്തതിനേക്കാൾ അപകടകരമായ നിയമങ്ങളും വ്യവസ്ഥകളുമുള്ള ഒന്ന് തന്നെയാവും വരാൻ പോവുന്നത്. സ്വകാര്യത പോലുള്ള വിഷയങ്ങൾ ഉയർന്നാലും ഒരു കോടതിയും എതിരുനിൽക്കാൻ പോവുന്നില്ലെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. സ്വന്തം സോഷ്യൽ മീഡിയയും പുതിയ ഐ ടി നിയമവും വരുതിയിൽ നിൽക്കുന്ന ഭരണഘടനാ സംവിധാനങ്ങളുമൊക്കെ ആവുമ്പോൾ സംഭവിക്കുന്ന അപായകരമായ ആ കോംബിനേഷനില്ലേ, പുതിയ സാഹചര്യത്തിൽ അത് അനിവാര്യമാണ്. എതിർപ്പുകൾ ഇല്ലാതാക്കൽ മാത്രമല്ല, സമഗ്രാധിപത്യത്തിന്റെ അയ്യരുകളിയിലേക്ക് നീങ്ങാനും ഇത് ഉഗ്രനാണ്.
അതിനാൽ, ട്രോളിയിട്ടൊന്നും വലിയ കാര്യമുണ്ടാവാൻ സാധ്യത ഇല്ല…