മൂന്ന് ലക്ഷത്തിൽ താഴെ ചിലവിൽ വീട് നിർമിക്കാം

കെട്ടിട നിർമാണ മേഖലയിലെ ചിലവ് അനുദിനം വർധിച്ചു വരുകയാണ്..ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്..കുറഞ്ഞ ചിലവിൽ ഒരു വീട് നിർമിക്കുക എന്നത് അതിനേക്കാൾ സന്തോഷം നൽകുന്ന കാര്യവും..മൂന്ന് ലക്ഷത്തിൽ താഴെ ചിലവിൽ വീട് നിർമാണത്തെ പറ്റി മാതൃഭൂമിയിൽ വന്ന ഒരു ലേഖനം.

Advertisement

വെറും രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കില്‍ വീടെങ്ങനെ നിര്‍മിക്കാമെന്നു നിങ്ങള്‍ക്കും പഠിക്കാനവസരം ഉണ്ട്. തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് മേസ്തിരിമാര്‍ രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കിലുള്ള വീട് എങ്ങനെ നിര്‍മിക്കുമെന്ന് പഠിപ്പിച്ച് തരുന്നു. മൈതാനത്ത് 300 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

കോര്‍ത്ത് കെട്ടുന്ന ഇഷ്ടികകള്‍, പൂശാന്‍ മണ്ണ്, സംസ്‌കരിച്ച റബര്‍ കട്ടിള, കോണ്‍ക്രീറ്റ് കട്ടിള, തടിവാതില്‍, സ്റ്റീല്‍ വാതിലുകളും ജനലുകളും, പിവിസി വാതില്‍, തട്ടിനുവേണ്ട ഫില്ലര്‍ സ്ലാബ്,ഫെറോസിമന്റ് അലമാരകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് വീട് നിര്‍മാണം. ഇഷ്ടിക ഉണ്ടാക്കാനുള്ള ചെറിയ യന്ത്രവും സജ്ജീകരിച്ചിട്ടുണ്ട്. ഇഷ്ടിക നിര്‍മാണം എങ്ങനെയെന്നും മണ്ണ് പൂശുന്നത് എങ്ങനെയെന്നും പഠിപ്പിച്ചുതരും.

ഇരുമ്പിന്റെയും സ്റ്റീലിന്റെയും ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിയ്ക്ക് ഇണങ്ങുന്ന വിധത്തിലാണ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

താല്പര്യമുള്ളവര്‍ക്ക് മറ്റാരുടേയും സഹായമില്ലാതെ ലഭ്യമായ വസ്തുക്കള്‍ പരമാവധി ഉപയോഗിച്ച് വീടുവയ്ക്കാം. പിന്നീട് വീട് മോടിപിടിപ്പിക്കാനും പുതുക്കി പണിയാനും സാധിക്കുകയും ചെയ്യും എന്നതാണ് മറ്റൊരു പ്രത്യേകത. 300 ചതുരശ്ര അടി വീടിനു വേണ്ടത് പത്ത്ചാക്ക് സിമന്റാണ്. ഇതില്‍ നല്ല പങ്കും തറയ്ക്കും തട്ടിനുംവേണ്ടി മാറ്റിവയ്ക്കും.

കോര്‍ത്തുവയ്ക്കാവുന്ന (ഇന്റര്‍ലോക്കിംഗ്) ഇഷ്ടിക 1750 എണ്ണം മതി. ഇഷ്ടികക്കെട്ടുകള്‍ തന്നെ പല തരം ഇഷ്ടികകള്‍ ഉപയോഗിച്ച് പല രീതിയില്‍ എങ്ങനെ ചെയ്യണമെന്നും മേസ്തിരിമാര്‍ പറഞ്ഞുതരും. ചുവരിന്റെ കെട്ടുമാത്രമല്ല, ലിന്റില്‍, ഇരിപ്പിടം, ആര്‍ച്ചുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ പെടും. തറ, റൂഫ്, ജനല്‍, വാതില്‍ എന്നിവയ്‌ക്കെല്ലാം പരീക്ഷിക്കാവുന്ന പല തരം സാങ്കേതികവിദ്യകളെയും പരിചയപ്പെടാം.