കുറഞ്ഞ ചിലവില്‍ വീട് പണിയുവാന്‍ പുതിയ ടെക്നോളജി

വ്യത്യസ്തമായ ‘ബിൽഡിംഗ് ടെക്നിക്കുകൾ’ പഠിക്കുന്നതിന്റെയും മനസ്സിലാക്കുന്നതിന്റെയും ഭാഗമായി കഴിഞ്ഞ ദിവസം FACT യുടെ ഉല്പന്നമായ GFRG (Glass Fibre Reinforced Gypsum) പാനലുകൾ കൊണ്ട് നിർമ്മിക്കുന്ന ഒരു വീടിന്റെ വർക്ക് സൈറ്റ് കാണാൻ പോയി. മലപ്പുറം ജില്ലയിലാണ് സൈറ്റ്. കോൺട്രാക്റ്റ് ഏറ്റെടുത്തിരിക്കുന്ന കമ്പനിയുടെ പ്രതിനിധിയുമായി സംസാരിച്ചിരുന്നതിനാൽ സൈറ്റ് എഞ്ചിനീയർ കാര്യമായിത്തന്നെ സ്വീകരിച്ചു. കാര്യങ്ങൾ വിശദമാക്കിത്തന്നു. സഹപ്രവർത്തകനായിരുന്ന ഒരു സിവിൽ എഞ്ചിനീയർ സുഹൃത്തും കൂടെ ഉണ്ടായിരുന്നു. കാര്യങ്ങളൊക്കെ മൻസ്സിലാക്കുന്നതിനിടയിലാണ് സൈറ്റ് എഞ്ചിനീയർ ആ രഹസ്യം പറഞ്ഞത്. അത് അവർക്ക് കിട്ടുന്നത് മറ്റൊരു കമ്പനി പകുതിയ്ക്ക് വച്ച് ‘തേച്ചു പോയ’ ഒരു വർക്ക് ആയാണ് എന്ന്. അതിന്റേതായ സകല കുഴപ്പങ്ങളും അതിൽ കാണാനുമുണ്ടായിരുന്നു.
വീടിന്റെ ഉടമയും കുടുംബവും ഗൾഫിൽ ആയതിനാൽ അവരെ കാണാനും സംസാരിക്കാനും പറ്റിയില്ല. 3500 സ്ക്വയർ ഫീറ്റിലും വലിയ ഒരു വീട് പണിയാൻ പദ്ധതിയിട്ടപ്പൊൾ ഇങ്ങനെ ഒരു വ്യത്യസ്തമായതും പുതിയതുമായ സാങ്കേതിക വിദ്യ നാട്ടുകാരേയും വീട്ടുകാരേയുമെല്ലാം വെറുപ്പിച്ചുകൊണ്ട് പരീക്ഷിക്കാൻ ധൈര്യം കാണിച്ച ആ വീട്ടുടമയെ മനോഹരമായി തേച്ചുകൊടുത്ത ‘പ്രമുഖ’ ബിൽഡേഴ്സിനെ എന്തു വിളിക്കണം സുഹൃത്തുക്കളേ.
ഉടമയെ നേരിട്ട് കാണാഞ്ഞതിനാലും സൈറ്റ് എഞ്ചിനീയർ പറഞ്ഞുള്ള വിവരങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാലും ആ പ്രമുഖ ബിൽഡറുടെ പേര് ആരും ചോദിക്കരുത്.
എന്തായാലും നേരിൽ കണ്ട് മനസ്സിലാക്കിയ വിവരങ്ങൾ
1. സാമ്പത്തികമായി വലിയ ലാഭം പ്രതീക്ഷിച്ച് ഈ സാങ്കേതിക വിദ്യ പരീക്ഷിക്കേണ്ടതില്ല-
2. ഒരു മാസം കൊണ്ട് ഫിനിഷിംഗ് ഉൾപ്പെടെയുള്ള എല്ലാ പണികളും തീർത്ത് താമസിക്കാൻ തുടങ്ങാം എന്നതാണ് ഏറ്റവും വലിയ ഗുണം.
3. ഉറപ്പ്- സാധാരണ ഇഷ്ടികയും കല്ലും വച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളേക്കാൾ ഉറപ്പുണ്ട്- വിള്ളലും ചെരിയലും ഭൂമികുലുക്കപ്പേടിയും ഒന്നും വേണ്ട.
4. വീടിനകത്ത് ചൂട് വളരെ കുറവായിരിക്കും.
5. വീട് നിർമ്മിക്കാൻ മണൽ, സിമിന്റ്, വെള്ളം ഇത് മൂന്നും വളരെ വളരെ കുറവ് മാത്രമേ ആവശ്യമുള്ളൂ.
6. വീടിന്റെ പ്ലാൻ വളരെ കൃത്യമായിരിക്കണം. ഇങ്ങനെ ഒരു പ്രൊജക്റ്റ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ മുറികളുടെ വലിപ്പം അഡ്ജസ്റ്റ് ചെയ്ത് വരച്ചാൽ പാനലുകളുടെ അനാവശ്യമായ മുറിയ്ക്കലും ഏച്ചുകെട്ടലുകളും ഒഴിവാക്കാം
7. ഈ മേഖലയിൽ നല്ല പരിചയസമ്പന്നരായ ബിൽഡറെ കിട്ടിയില്ലെങ്കിൽ പണി കിട്ടും എന്ന കാര്യത്തിൽ സംശയമില്ല. 

Advertisement

എഴുതിയത്:സുജിത് കുമാര്‍