ഒരു കല്ലെടുത്ത് കുത്തിവെച്ചു 12 രൂപ കാണിക്കയിട്ടു; പിന്നീടങ്ങോട്ട് ഭക്തരുടെ തിരക്കും; ഒന്നരമണിക്കൂര്‍ കൊണ്ട് സമ്പാദിച്ചത് 374 രൂപ! അന്ധവിശ്വാസങ്ങളെ ‘മുതലെടുത്ത്’ വൈറലായി ഈ ഫോട്ടോഗ്രാഫര്‍

വിശ്വാസികളെ തെറ്റിധരിപ്പിച്ച് തെരുവിലിറക്കുകയും ഹര്‍ത്താല്‍ നടത്തുകയും ചെയ്ത നമ്മുടെ നാട്ടില്‍ ഭക്തിയുടെ പേരില്‍ ഒരാളെ പറ്റിക്കുക എന്നത് അത്രവലിയ കാര്യമൊന്നുമല്ല. ആള്‍ദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നാലെ ഇറങ്ങിത്തിരിക്കാന്‍ ഒട്ടനേകം പേരുള്ള നാടാണ് ഇത്.

Advertisement

ഈ സാഹചര്യത്തില്‍, വിദേശികളായ സഞ്ചാരികളെയും പക്ഷികളെയും വരെ ബുദ്ധിമുട്ടിച്ച് തിക്കും തിരക്കും കൂട്ടിയവരെ ഓടിക്കാന്‍ അവരെ തന്നെ മുതലെടുത്ത് പണം സമ്പാദിച്ച ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ ഫോട്ടോഗ്രാഫര്‍ സുധീഷ് തട്ടേക്കാടിന്റെ ഈ കുറിപ്പ്.

സുധീഷ് തട്ടേക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംക്ഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു.

എന്താണൊരു വഴി. പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരു ആന്ധ്രാക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ഠ ഏതാണെന്ന് ചോദിച്ചു. പെട്ടെന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയുന്നു 4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.

NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.